ക്രൊയേഷ്യക്കെതിരെ നടപടി വേണം, യൂറോയിൽ നിന്നും പിൻവാങ്ങുമെന്ന ഭീഷണിയുമായി സെർബിയ
യൂറോ കപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങൾക്കിടയിലുള്ള ചെറിയ അസ്വാരസ്യങ്ങൾ ആരാധകരുടെ പ്രവൃത്തിയിൽ പ്രതിഫലിക്കുന്നത് സങ്കീർണതകൾ സൃഷ്‌ടിക്കുന്നു. പോർച്ചുഗലിന്റെ ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനക്കാരായി യൂറോ കപ്പിന് യോഗ്യത നേടിയ സെർബിയയാണ് സംഘാടകരോട് പരാതിയും യൂറോയിൽ നിന്നും പിൻവാങ്ങുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.
ഇംഗ്ലണ്ട്, സ്ലോവേനിയ, ഡെന്മാർക്ക് എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് സെർബിയ കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ അവർ ഒരു ഗോളിന് തോൽവി വഴങ്ങിയിരുന്നു. അതിനു ശേഷം കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നടന്ന സംഭവങ്ങളുടെ പേരിലാണ് അവർ പരാതി നൽകിയിരിക്കുന്നത്. ക്രൊയേഷ്യ, അൽബേനിയ ആരാധകർക്ക് എതിരെയാണ് അവരുടെ പരാതി.
കഴിഞ്ഞ മത്സരത്തിനിടെ ബാൽക്കൻ രാജ്യങ്ങളായ ക്രൊയേഷ്യ, അൽബാനിയ എന്നിവരുടെ ആരാധകർ "സെർബിയൻസിനെ ഇല്ലാതാക്കൂ" എന്ന ചാന്റ് മുഴക്കിയതിനാണ് പരാതി നൽകിയിരിക്കുന്നത്. രണ്ടു ടീമുകളും രണ്ടു വീതം ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞ മത്സരത്തിലാണ് ഇവരുടെ ആരാധകർ സെർബിയക്കെതിരെ തിരിഞ്ഞത്.
അൻപത്തിയൊമ്പതാം മിനുട്ടിൽ സംഭവിച്ച ഈ ചാന്റിൽ അന്വേഷണം നടത്തണമെന്നും ശിക്ഷ നൽകണം എന്നുമാണ് സെർബിയൻ ഫുട്ബോൾ അസോസിയേഷൻ ആവശ്യപ്പെടുന്നത്. ഈ ആരാധകർക്കെതിരെയോ രാജ്യങ്ങൾക്കെതിരെയോ നടപടി ഉണ്ടായില്ലെങ്കിൽ യൂറോ കപ്പിന്റെ ഇത്തവണത്തെ ടൂർണമെന്റിൽ നിന്നും പിൻവാങ്ങുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
സംഭവത്തിൽ എന്ത് നടപടിയാണ് ഉണ്ടാവുകയെന്ന് വ്യക്തമല്ല. നടപടിയുണ്ടാകാതെ സെർബിയ പിൻവാങ്ങുകയാണെങ്കിൽ അതിനു ശേഷമുള്ള അവരുടെ മത്സരത്തിലെ എതിരാളിക്ക് മൂന്നു ഗോളുകളുടെ വിജയമാണ് ലഭിക്കുക. അതിനു പുറമെ സെർബിയക്ക് വലിയൊരു തുക പിഴയായും ഒടുക്കേണ്ടി വരും.