ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി സീസണിൽ മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ സർവാധിപത്യം
ചാമ്പ്യൻസ് ലീഗ് ഫൈനലിനു പിന്നാലെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ടീം ഓഫ് ദി സീസൺ പ്രഖ്യാപിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ആധിപത്യം. പതിനൊന്നു താരങ്ങളുടെ ഇലവൻ പ്രഖ്യാപിച്ചപ്പോൾ അതിൽ ഏഴു പേരും മാഞ്ചസ്റ്റർ സിറ്റി താരങ്ങളാണ്. ഇതിനു പുറമെ രണ്ടു താരങ്ങൾ സെമി ഫൈനൽ കളിച്ച റയൽ മാഡ്രിഡിൽ നിന്നും രണ്ടു താരങ്ങൾ ഫൈനലിൽ കീഴടങ്ങിയ ഇന്റർ മിലാനിൽ നിന്നുമാണ്.
റയൽ മാഡ്രിഡിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തുന്ന തിബോ ക്വാർട്ടുവയാണ് ഗോൾകീപ്പർ സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. ഇന്റർ മിലാൻ താരങ്ങളായ ഡിമാർക്കോ, ബസ്റ്റോണി എന്നിവർ പ്രതിരോധനിരയിലുണ്ട്. ഇരുപതിനാലും ഇരുപത്തിയാറും വയസുള്ള ഈ താരങ്ങൾ ഇന്റർ മിലൻറെ ഭാവിയായാണ് കണക്കാക്കപ്പെടുന്നത്. അതിനു പുറമെ പ്രതിരോധനിരയിലുള്ള രണ്ടു താരങ്ങൾ മാഞ്ചസ്റ്റർ സിറ്റിയുടെ കെയ്ൽ വാക്കറും റൂബൻ ഡയസുമാണ്.
മധ്യനിരയിൽ മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ആധിപത്യമാണ്. പ്രതിരോധനിരയിൽ നിന്നും മധ്യനിരയിലേക്ക് പെപ് ഗ്വാർഡിയോള സ്ഥാനം മാറ്റി നൽകിയ ഇംഗ്ലീഷ് താരം ജോൺ സ്റ്റോൺസ്, ഫൈനലിൽ വിജയഗോൾ നേടിയ റോഡ്രി, മാഞ്ചസ്റ്റർ സിറ്റിയുടെ പ്ലേമേക്കർ കെവിൻ ഡി ബ്രൂയ്ൻ എന്നിവരാണ് മധ്യനിരയിൽ ഇടം പിടിച്ചിരിക്കുന്നത്. റോഡ്രിയാണ് ചാമ്പ്യൻസ് ലീഗ് പ്ലേയർ ഓഫ് ദി സീസണായും തിരഞ്ഞെടുക്കപ്പെട്ടത്.
മുന്നേറ്റനിരയിൽ റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ ഉൾപ്പെട്ടിട്ടുണ്ട്. ഈ സീസണിൽ ഏഴു ഗോളുകൾ നേടിയ താരത്തിന്റെ പിബലത്തിലാണ് റയൽ മാഡ്രിഡ് സെമി ഫൈനൽ വരെയെത്തിയത്. വിനീഷ്യസിന് പുറമെ ബെർണാർഡോ സിൽവ, ഏർലിങ് ഹാലാൻഡ് എന്നിവരും മുന്നേറ്റനിരയിൽ ഉൾപ്പെട്ടിരിക്കുന്നു.