അമ്പയറിംഗിനെതിരെ പൊട്ടിത്തെറിച്ച് റിതുരാജ്, ഗ്രൗണ്ട് വിടാന്‍ വിസമ്മതിച്ച് മഹാരാഷ്ട്രന്‍ ക്യാപ്റ്റന്‍
പൂനെയില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ സര്‍വീസസിനെതിരെ മഹാരാഷ്ട്രയുടെ താല്‍ക്കാലിക ക്യാപ്റ്റന്‍ അങ്കിത് ബാവ്നെയുടെ വിവാദപരമായ പുറത്താകലില്‍ അമ്പയര്‍മാരോട് രോഷപ്രകടനവുമായി ഇന്ത്യന്‍ താരം റുതുരാജ് ഗെയ്ക്വാദ്. രണ്ടാം സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് ബാവ്നെ പുറത്തായത്. എന്നാല്‍, പന്ത് നിലത്ത് തട്ടിയ ശേഷമാണ് ക്യാച്ചിലെത്തിയതെന്ന് വീഡിയോ റീപ്ലേകളില്‍ വ്യക്തമായി കാണാമായിരുന്നു.
ഈ വിവാദ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഓസ്‌ട്രേലിയയില്‍ ഇന്ത്യ എ ടീമിനെ നയിക്കുന്ന ഗെയ്ക്വാദ് സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായി പ്രതികരിച്ചു.
'ലൈവ് മത്സരത്തില്‍ എങ്ങനെയാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ കഴിയുന്നത്? ക്യാച്ചിനായി അപ്പീല്‍ ചെയ്യാന്‍ പോലും നാണക്കേടാണ്. തികച്ചും പരിതാപകരം' ഗെയ്ക്വാദ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
സര്‍വീസസിന്റെ 293 റണ്‍സിന് മറുപടിയായി മഹാരാഷ്ട്ര മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ് എന്ന നിലയില്‍ പതറുമ്പോള്‍ 73 റണ്‍സുമായി ബാവ്നെ ടീമിനെ കരകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വിവാദ തീരുമാനത്തില്‍ അദ്ദേഹം പുറത്തായതോടെയാണ് ഗെയ്ക്വാദ് അമ്പയറിങ്ങിന്റെ നിലവാരത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്.
ഗഹുഞ്ചെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വിവാദപരമായി പുറത്തായതിന് ശേഷം ബാവ്നെ തുടക്കത്തില്‍ ഫീല്‍ഡ് വിടാന്‍ വിസമ്മതിച്ചിരുന്നു. ഇത് കളി 15 മിനിറ്റ് നിര്‍ത്തിവയ്ക്കാന്‍ വരെ കാരണമായി.
പന്ത് ബൗണ്‍സ് ചെയ്ത ശേഷമാണ് സ്ലിപ്പ് ഫീല്‍ഡര്‍ ശുഭം രോഹില്ലയുടെ കൈകളിലെത്തിയതെന്ന് ടിവി റീപ്ലേകളില്‍ വ്യക്തമായി. എന്നാല്‍, ഈ രഞ്ജി ട്രോഫി മത്സരത്തില്‍ ഡിജിറ്റല്‍ ലൈവ് കവറേജ് മാത്രമാണുള്ളത്, ടിവി അമ്പയര്‍ ഉള്‍പ്പെടെയുള്ള പൂര്‍ണ്ണമായ സംപ്രേഷണ സംവിധാനങ്ങളില്ലാത്തതിനാല്‍ തീരുമാന അവലോകന സംവിധാനം (DRS) ലഭ്യമല്ലായിരുന്നു.
മത്സര ഉദ്യോഗസ്ഥരുടെയും ടീം മാനേജ്മെന്റിന്റെയും നിരന്തരമായ പ്രേരണയ്ക്ക് ശേഷം, മധ്യനിര ബാറ്റ്സ്മാന്‍ ഒടുവില്‍ ഫീല്‍ഡ് വിടുകയായിരുന്നു.