മഞ്ജരേക്കർക്ക് വായടപ്പൻ മറുപടി, ഷമിയുടെ വില കൂടിയിട്ടേ ഉള്ളൂവെന്ന് ലേലത്തിൽ തെളിഞ്ഞു; വമ്പൻ തുകക്ക് ഹൈദരാബാദിൽ
ദോഹയിൽ നടന്ന ഐപിഎൽ ലേലത്തിൽ ഏവരുടെയും കണ്ണുകൾ പതിഞ്ഞ താരമായിരുന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടേത്. ഒരുവർഷത്തോളം അലട്ടിയ പരിക്കിൽ നിന്നും മുക്തനായ താരം ക്രിക്കറ്റ് മൈതാനത്ത് തിരിച്ചെത്തിയത് വലിയ വാർത്തയായിരുന്നു. പിന്നാലെ സഞ്ജയ് മഞ്ജരേക്കർ താരത്തിനെതിരെ നടത്തിയ പരാമർശമാണ് ഷമിയെ താരത്തിൽ ശ്രദ്ധാകേന്ദ്രമാക്കിയത്. എന്നാൽ ലേലത്തിൽ മികച്ച തുക കണ്ടെത്തി തന്റെ മൂല്യമെന്താണെന്ന് സഞ്ജരേക്കർ അടക്കമുള്ള വിമർശകർക്ക് ഷമി കാണിച്ചുകൊടുക്കുകയും ചെയ്തു.
ഷമിക്ക് വലിയ തുക ലഭിക്കില്ലെന്നായിരുന്നു സഞ്ജയ് മഞ്ജരേക്കറുടെ പ്രവചനം. എന്നാൽ 10 കോടി രൂപയ്ക്കാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ഷമിയെ സ്വന്തമാക്കിയത്. 2022 ലേലത്തിൽ 6.25 കോടി രൂപയ്ക്കാണ് ഷമി വിറ്റുപോയത്. എന്നാൽ, ഇത്തവണ അതിലും കൂടുതൽ തുകയ്ക്ക് ഷമി വിറ്റുപോയതോടെ സഞ്ജരേക്കർ അടക്കമുള്ള വിമർശകരുടെ വായടഞ്ഞു.
ഷമിക്ക് വലിയ തുക ലഭിക്കില്ലെന്ന് മഞ്ജരേക്കർ അഭിപ്രായപ്പെട്ടതിന് പിന്നാലെ ഷമി മഞ്ജരേക്കർക്കെതിരെ മറുപടിയുയമായി രംഗത്തെത്തിയിരുന്നു.
"ബാബ കി ജയ് ഹോ. കുറച്ച് അറിവ് നിങ്ങളുടെ ഭാവിയിലേക്കും മാറ്റിവെക്കുക. സഞ്ജയ് ജീക്ക് അത് എപ്പോഴെങ്കിലും ഉപകാരപ്പെടും. ഇനി മറ്റാര്‍ക്കെങ്കിലും സ്വന്തം ഭാവിയെ കുറിച്ച് അറിയണമെന്നുണ്ടെങ്കിൽ സാറിനെ പോയി കാണുക" എന്നായിരുന്നു ഷമിയുടെ മറുപടി.
ഷമിയുടെ ലേലം എങ്ങനെയായിരുന്നു?
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വാശിയേറിയ വിളിയോടെയാണ് ഷമിയുടെ ലേലം ആരംഭിച്ചത്. തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്‌സും ലേലത്തിൽ പങ്കെടുത്തു. ലേലം 8.25 കോടി രൂപയിലെത്തിയപ്പോൾ ചെന്നൈ പിന്മാറി. പിന്നീട് ലക്‌നൗ സൂപ്പർ ജയന്റ്‌സ് ലേലത്തിൽ പങ്കെടുത്തു. 9.75 കോടി രൂപയിലെത്തിയപ്പോൾ ലക്‌നൗവും പിന്മാറി. തുടർന്ന് ഹൈദരാബാദ് 10 കോടി രൂപ താരത്തിന് വാഗ്ദാനം ചെയ്തു. ഗുജറാത്ത് ടൈറ്റൻസിനോട് ആർടിഎം ഉപയോഗിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചു.
അങ്ങനെ ഷമി 10 കോടി രൂപയ്ക്ക് ഹൈദരാബാദിലെത്തി. 5 കളിക്കാരെ നിലനിർത്തിയ ശേഷം ഹൈദരാബാദ് നടത്തിയ ആദ്യ സൈനിംഗ് ആണ് ഷമി. ഐപിഎൽ 2023ൽ പർപ്പിൾ ക്യാപ്പ് നേടിയ താരമാണ് ഷമി. ബോർഡർ-ഗാവസ്കർ ട്രോഫിക്കായി ഷമി ഉടൻ ഇന്ത്യൻ ടീമിൽ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.