'പണി' അറിയാവുന്നവൻ പറയുന്നു; ബുംറയല്ല, ഇന്ത്യയുടെ ഏറ്റവും മികച്ച പേസർ അവനാണ്..
മുഹമ്മദ് ശമിയെ ഇന്ത്യയുടെ മികച്ച ബൗളറായി വാഴ്ത്തി വെസ്റ്റ് ഇൻഡീസ് ഇതിഹാസം ആൻഡി റോബർട്ട്സ്. ജസ്പ്രീത് ബുംറയേക്കാൾ മികച്ച ബൗളറാണ് ശമിയെന്നും മുഹമ്മദ് സിറാജ് അദ്ദേഹത്തിന്റെ ക്ലാസിൽ പോലുമില്ലെന്നും റോബർട്ട്സ് പറയുന്നു.
1970-കളിലും 80-കളിലും ലോകമെമ്പാടുമുള്ള ബാറ്റ്സ്മാൻമാരെ ഭയപ്പെടുത്തിയ പ്രശസ്ത വെസ്റ്റ് ഇൻഡീസ് പേസ് ക്വാർട്ടറ്റിലെ അംഗമായിരുന്നു റോബർട്ട്സ്. മൈക്കൽ ഹോൾഡിംഗ്, ജോയൽ ഗാർണർ, കോളിൻ ക്രോഫ്റ്റ് എന്നിവരായിരുന്നു അന്ന് ലോകക്രിക്കറ്റിലെ ബാറ്റർമാരെ ഒന്നടങ്കം ഭയപ്പെടുത്തിയ ആ ബൗളിംഗ് യൂണിറ്റിൽ ഉണ്ടായിരുന്നത്.
"ശമി കുറച്ചു കാലമായി ഇന്ത്യയുടെ മികച്ച ബൗളറാണ്. ജസ്പ്രീത് ബുംറയെ പോലെ വിക്കറ്റുകൾ അദ്ദേഹത്തിന് ലഭിക്കില്ലായിരിക്കാം, പക്ഷേ അദ്ദേഹം ഒരു സമ്പൂർണ്ണ പാക്കേജാണ്, ബാക്കിയുള്ളവരേക്കാൾ സ്ഥിരതയുള്ളവനാണ്. ശമി പന്ത് സ്വിംഗ് ചെയ്യുന്നു, പന്ത് സീം ചെയ്യുന്നു, ശമിയുടെ നിയന്ത്രണം ബുംറയുടേതിനേക്കാൾ മികച്ചതുമാണ്" റോബർട്ട്സ് മിഡ്-ഡേയോട് പറഞ്ഞു.
47 ടെസ്റ്റുകളിൽ നിന്ന് 25.61 ശരാശരിയിൽ 202 വിക്കറ്റുകൾ നേടിയ റോബർട്ട്സ്, ഓസ്ട്രേലിയയിൽ ബുംറയ്ക്ക് ശേഷം ഇന്ത്യയുടെ രണ്ടാമത്തെ മികച്ച സീമറായ മുഹമ്മദ് സിറാജ്, ശമിയുടെ ക്ലാസിൽ പോലുമില്ലെന്നും പറയുന്നു. "ശമി കളിക്കണം. മുഹമ്മദ് സിറാജ് ശമിയുടെ അടുത്തെങ്ങുമില്ല," റോബർട്ട്സ് കൂട്ടിച്ചേർത്തു.
ശമി എപ്പോഴാണ് ഓസ്ട്രേലിയയിലേക്ക് പോകുക?
ബോർഡർ-ഗാവസ്‌കർ ട്രോഫിയുടെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ശമിയുടെ ലഭ്യത ഇപ്പോഴും സംശയത്തിലാണ്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം 64 ടെസ്റ്റുകളിലെ പരിചയസമ്പത്ത് കൈമുതലായുള്ള ശമി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. കഴിഞ്ഞ വർഷം ജൂണിൽ നടന്ന ഡബ്ല്യുടിസി ഫൈനലിൽ ഓസ്ട്രേലിയയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ് മത്സരം.
പരിക്കിൽ നിന്ന് മോചിതനായ ശമി, രഞ്ജി ട്രോഫിയിലും, സയ്യിദ് മുഷ്താഖ് അലി ടി20യിലും ബംഗാളിനു വേണ്ടി മികച്ച ഫോമിലാണ് പന്തെറിയുന്നത്. ഏഴ് മത്സരങ്ങളിൽ നിന്ന് 7.67 ഇക്കണോമിയിൽ 8 വിക്കറ്റുകൾ നേടി ബംഗാളിനെ നോക്കൗട്ടിലെത്തിച്ച ശമി, ചണ്ഡീഗഡിനെതിരെ ബാറ്റിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചു. 17 പന്തിൽ നിന്ന് 32 റൺസ് നേടിയ ശമി വെടിക്കെട്ട് ബാറ്റിങ്ങാണ് നടത്തിയത്.
സയ്യിദ് മുഷ്താഖ് അലി മത്സരങ്ങളിൽ ശമി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും, ഓസ്ട്രേലിയൻ സീരീസിലെ ടെസ്റ്റുകൾക്ക് എൻസിഎ ഇതുവരെ അദ്ദേഹത്തിന് അനുമതി നൽകിയിട്ടില്ല. അഡ്‌ലെയ്ഡിൽ ഇന്ത്യ രണ്ടാം ടെസ്റ്റ് തോറ്റതിന് ശേഷം, ക്യാപ്റ്റൻ രോഹിത് ശർമ്മ "ശമിക്ക് വാതിലുകൾ എപ്പോഴും തുറന്നിട്ടുണ്ട്" എന്ന് പറയുമ്പോഴും, അദ്ദേഹത്തിന്റെ കാൽമുട്ടിൽ പുതിയ നീരുണ്ടെന്ന് വെളിപ്പെടുത്തിയത് ആശങ്കയേറ്റി.
അഞ്ച് മത്സരങ്ങൾ അടങ്ങിയ ബോർഡർ-ഗാവസ്‌കർ ട്രോഫി നിലവിൽ 1-1 എന്ന നിലയിലാണ്. ബ്രിസ്ബേനിലെ ഗാബയിൽ ശനിയാഴ്ചയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ആ മത്സരത്തിന് ശമി ലഭ്യമാകില്ലെന്ന് ഉറപ്പാണ്, പക്ഷേ മെൽബണിലെ ബോക്സിംഗ് ഡേ ടെസ്റ്റിൽ അദ്ദേഹത്തെ കാണാനുള്ള സാധ്യത തള്ളിക്കളയാനാവില്ല..