രോഹിതിന്റെ വക 'ഉടക്ക് '; ഷമി ഇന്ത്യൻ ടീമിലെത്താൻ വൈകും?
മുഹമ്മദ് ശമിയുടെ ഓസ്ട്രേലിയ യാത്ര വീണ്ടും അനിശ്ചിതത്വത്തിലായതായി റിപ്പോർട്ടുകൾ. അഡ്ലൈഡ് ടെസ്റ്റിന് ശേഷം നായകൻ രോഹിത് ശർമ്മ ഷമിയുടെ കാൽമുട്ടിന് 'നീർക്കെട്ട്' ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് ബിസിസിഐയെ ആശങ്കയിലാക്കിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
ബുധനാഴ്ച ബെംഗളൂരുവിൽ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബറോഡയ്‌ക്കെതിരെ ബംഗാൾ കളിക്കുമ്പോൾ എല്ലാ കണ്ണുകളും മുഹമ്മദ് ശമിയിൽ ആയിരിക്കും. ഇന്നത്തെ മത്സരത്തിന് ശേഷം സ്റ്റാർ പേസർ ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പരയ്ക്കായി ഓസ്ട്രേലിയയിലേക്ക് പോകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഷമിയുടെ ഓസ്ട്രേലിയൻ യാത്ര വീണ്ടും പാളം തെറ്റിയതായാണ് റിപ്പോർട്ടുകൾ.
കണങ്കാലിനേറ്റ പരിക്കുമൂലം ഒരുവർഷം നഷ്ടമായ ഷമി കഴിഞ്ഞ മാസമാണ് വീണ്ടും പന്തെറിയാൻ തുടങ്ങിയത്. നിലവിൽ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി അടക്കമുള്ള ആഭ്യന്തര വൈറ്റ്-ബോൾ ടൂർണമെന്റുകൾ ശമിയെ സംബന്ധിച്ചിടത്തോളം ഓസ്ട്രേലിയയിൽ നടക്കുന്ന ബിജിടി പരമ്പരയ്ക്കുള്ള ഒരു തയ്യാറെടുപ്പ് മാത്രമാണ്. ശമിയുടെ ഫിറ്റ്നസ് ബിസിസിഐ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. രഞ്ജി ട്രോഫിയിലും, എസ്എംടിയിലുമായി തുടർച്ചയായി ഒമ്പത് മത്സരങ്ങളിൽ അദ്ദേഹം കളിച്ചു. എന്നിരുന്നാലും, ടെസ്റ്റ് പരമ്പരയ്ക്കായി ശമിയെ ഓസ്ട്രേലിയയിലേക്ക് അയയ്ക്കണോ എന്ന് ബിസിസിഐ ഇപ്പോഴും ആലോചിക്കുകയാണെന്ന് രോഹിതിന്റെ സമീപകാല പ്രസ്താവന സൂചിപ്പിക്കുന്നു.
ഇന്ത്യൻ എക്സ്പ്രസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ശമി അടുത്തിടെ ഒരു ഫിറ്റ്നസ് ടെസ്റ്റ് നടത്തിയിരുന്നു. എന്നാൽ, 34 കാരന് ഒരു ടെസ്റ്റ് മത്സരത്തിൽ ദൈർഘ്യമേറിയ സ്പെല്ലുകൾ എറിയാൻ കഴിയുമോ എന്ന ആശങ്കയിലാണ് ബിസിസിഐ. സെന്റർ ഓഫ് എക്സലൻസ് ജീവനക്കാർ ശമിയുടെ ഫിറ്റ്നസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
രോഹിത് ശമിയെക്കുറിച്ച് എന്താണ് പറഞ്ഞത്?
ഓസ്ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ മോശം ബൗളിംഗ് പ്രകടനത്തിന്റെയും ജസ്പ്രീത് ബുംറയുടെ വർക്ക്‌ലോഡ് മാനേജ്‌മെന്റിനെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കയുടെയും പശ്ചാത്തലത്തിലായിരുന്നു രോഹിതിന്റെ പ്രതികരണം. പരമ്പരയ്ക്കിടെ ഷമി തിരിച്ചെത്തുമെന്ന് 37 കാരനായ രോഹിത് പ്രത്യാശപ്രകടിപ്പിച്ചു. എന്നാൽ, ശമിക്ക് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റിനിടെ കാൽമുട്ടിൽ നീരുണ്ടായതായും അദ്ദേഹം വെളിപ്പെടുത്തി.
"സയ്യിദ് മുഷ്താഖ് അലിയിൽ കളിക്കുമ്പോൾ, അദ്ദേഹത്തിന്റെ കാൽമുട്ടിൽ വീണ്ടും നീരുണ്ടായി. അത് ഒരു ടെസ്റ്റ് മത്സരം കളിക്കാനുള്ള അദ്ദേഹത്തിന്റെ തയ്യാറെടുപ്പിനെ ബാധിച്ചേക്കും. ഞങ്ങൾ ധൃതിപ്പെട്ട് അദ്ദേഹത്തെ ഇവിടെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല. ഇവിടെ വന്ന് അദ്ദേഹത്തിന് വേദനയോ മറ്റെന്തെങ്കിലും സംഭവിക്കുകയോ ചെയ്‌താൽ കാര്യങ്ങൾ വഷളാവും" രോഹിത് പറഞ്ഞു.
എന്നാൽ ഇതിന് തൊട്ടുമുൻപ് ഷമിയുടെ വിസയും, കിറ്റുമടക്കം റെഡിയാക്കി വച്ചിരിക്കുകയാണെന്നും, ഉടനെ താരം ഓസ്‌ട്രേലിയയിലേക്ക് പറക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു.
ശമിയുടെ ഭാവി എന്താണ്?
ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ രോഹിത് ഷമിയെ ആഗ്രഹിക്കുന്നില്ലേ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഷമിയുടെ ബോർഡർ-ഗാവസ്‌കർ ട്രോഫി കിറ്റും ഓസ്ട്രേലിയ വിസയും തയ്യാറാണെന്ന് ബിസിസിഐ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പക്ഷേ എൻസിഎയിൽ നിന്നുള്ള അന്തിമ അനുമതിക്കായി ബിസിസിഐയും, ഷമിയും കാത്തിരിക്കുകയാണ്.
ടീമിനൊപ്പം ചേർന്നാലും ബ്രിസ്ബേൻ ടെസ്റ്റിൽ ഷമി പന്തെറിയാൻ സാധ്യതയില്ല. തുടർന്ന് ഗാബയ്ക്കും, മെൽബണിനും ഇടയിൽ ഒരാഴ്ചത്തെ ഇടവേളയുള്ളതിനാൽ, ബോക്സിംഗ് ഡേ ടെസ്റ്റിലാണ് ഷമിക്ക് ഒരു വർഷത്തിലേറെയായി ഇന്ത്യയ്ക്കായി ആദ്യ മത്സരം കളിക്കാൻ യഥാർത്ഥ അവസരമുള്ളത്.