കിറ്റും, വിസയുമടക്കം റെഡി; ഇക്കാര്യം കൂടി ശരിയായാൽ ഷമി ഓസ്‌ട്രേലിയയിലേക്ക് പറക്കും
ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകൾക്കായി മുഹമ്മദ് ശമിയെ ഓസ്ട്രേലിയയിലേക്ക് അയക്കാൻ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) അനുമതിക്കായി ബിസിസിഐ കാത്തിരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബിജിടിയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കായി ഷമിയെ ടീമിൽ ഉൾപ്പെടുത്തുന്നതിനായി എൻസിഎയിൽ നിന്നുള്ള ഏറ്റവും പുതിയ ഫിറ്റ്‌നസ് ടെസ്റ്റ് റിപ്പോർട്ടിനായി സീനിയർ സെലക്ഷൻ കമ്മിറ്റി കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ പേസർക്കുള്ള വസ്ത്രങ്ങളും വിസയും ബിസിസിഐ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. 'ഫിറ്റ്' എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞാൽ, അദ്ദേഹത്തെ എത്രയും വേഗം ഓസ്ട്രേലിയയിലേക്ക് അയയ്ക്കും.
പെർത്തിൽ ഇന്ത്യ വിജയത്തോടെ തുടങ്ങിയെങ്കിലും, അഡ്‌ലെയ്ഡ് പിങ്ക് ബോൾ ടെസ്റ്റിൽ ശമിയെ ഇന്ത്യ മിസ് ചെയ്യുന്നുണ്ടായിരുന്നു. ഹർഷിത് റാണ ഇതുവരെയുള്ള മാച്ചിൽ റൺസ് വാരിക്കോരി കൊടുക്കുന്നത് ഇന്ത്യക്ക് വലിയ തലവേദനയാണ്. ബുംറ, സിറാജ് എന്നിവർ മികച്ച രീതിയിൽ പന്തെറിയുമ്പോൾ മൂന്നാമത്തെ സീമിങ് ഓപ്‌ഷനായി ഷമി എത്തുന്നതോടെ ഇന്ത്യയുടെ സാധ്യതകൾ വർദ്ധിക്കും.
"എൻസിഎയിൽ നിന്നും ശമിയുടെ ഫിറ്റ്‌നസ് ക്ലിയറൻസ് റിപ്പോർട്ടിനായി സെലക്ഷൻ കമ്മിറ്റി കാത്തിരിക്കുകയാണ്. ഫിറ്റ്‌നസ് ടെസ്റ്റ് നടത്താൻ അദ്ദേഹം ബെംഗളൂരുവിലേക്ക് പോയിട്ടുണ്ട്. രഞ്ജി ട്രോഫിയും സയ്യിദ് മുഷ്താഖ് അലി ടി20യും അദ്ദേഹം കളിച്ചിരുന്നു. അവിടെ അദ്ദേഹം മികച്ച രീതിയിൽ പന്തെറിയുകയും ചെയ്തു. അദ്ദേഹത്തിന്റെ കിറ്റ് അടക്കം തയാറാക്കിവച്ച് ഞങ്ങൾ എൻസിഎയിൽ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്." ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഷമിയുടെ മടങ്ങിവരവിനെ കുറിച്ച് രവിശാസ്ത്രി
ഇന്ത്യയുടെ പേസ് ആക്രമണത്തെക്കുറിച്ച് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി ആശങ്ക പ്രകടിപ്പിച്ചു. ഒപ്പം, ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകൾക്കായി ശമി ടീമിലേക്ക് മടങ്ങിയെത്തുന്നത് ടീമിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറയുന്നു.
"അദ്ദേഹം (ശമി) എത്രയും വേഗം ഇവിടെ എത്തുന്നുവോ അത്രയും നല്ലത്" സ്റ്റാർ സ്പോർട്സിൽ കമന്ററിയിൽ രവി ശാസ്ത്രി പറഞ്ഞു.
ഡിസംബർ 14 ന് ബ്രിസ്ബേനിൽ ആരംഭിക്കുന്ന അടുത്ത ടെസ്റ്റിനായി ശമി ടീമിലേക്ക് തിരിച്ചെത്തുമെന്ന് ശാസ്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഡിസംബർ 26 നും ജനുവരി 7 നും ഇടയിൽ മെൽബണിലും സിഡ്‌നിയിലുമാണ് പരമ്പരയിലെ നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകൾ നടക്കുക.
2023 ജൂണിൽ ഓസ്ട്രേലിയയോട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് അവസാനമായി ഷമി ഇന്ത്യൻ ജേഴ്‌സിയിൽ പന്തെറിഞ്ഞത്. ശേഷം, കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിൽ അദ്ദേഹം വിജയകരമായി തിരിച്ചെത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ ബംഗാൾ പേസ് ആക്രമണത്തിന് നേതൃത്വം നൽകിയ 34 കാരൻ, ഏഴ് മത്സരങ്ങളിൽ നിന്ന് 7.67 ഇക്കണോമിയിൽ 8 വിക്കറ്റുകൾ നേടി. രഞ്ജി ട്രോഫി മത്സരത്തിലും കളിച്ച ഷമി, ഏഴ് വിക്കറ്റ് നേട്ടത്തോടെ മധ്യപ്രദേശിനെതിരെ ബംഗാളിനെ വിജയിപ്പിച്ചിരുന്നു.