ഷമി ബിജിടിയിൽ കളിക്കില്ല; ഈ സമയത്ത് കളിക്കുക മറ്റൊരു ടൂർണമെന്റിൽ; വമ്പൻ പ്രഖ്യാപനം
ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി വരാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബംഗാളിനെ പ്രതിനിധീകരിക്കും. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി) തിങ്കളാഴ്ച വരാനിരിക്കുന്ന ആഭ്യന്തര ടി20 ടൂർണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷമി ഈയിടെ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിയിരുന്നു. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മുക്തി നേടിയ ഷമി, ബംഗാളും മധ്യപ്രദേശും തമ്മിലുള്ള രഞ്ജി ട്രോഫി അഞ്ചാം റൗണ്ട് മത്സരത്തിലാണ് തിരിച്ചെത്തിയത്.
ഷമിയെ ബംഗാളിന്റെ എസ്എംഎടി ടീമിൽ ഉൾപ്പെടുത്തിയതോടെ, വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിലേക്ക് പേസറെ തിടുക്കത്തിൽ തിരികെ കൊണ്ടുവരാൻ ദേശീയ സെലക്ടർമാർ ആഗ്രഹിക്കുന്നില്ലെന്ന് ഏതാണ്ട് ഉറപ്പായി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഷമിയുടെ ഫിറ്റ്നസ് തെളിയിക്കാൻ കൂടുതൽ ആഭ്യന്തര മത്സരങ്ങൾ ആവശ്യമാണെന്നാണ് മാനേജ്മെന്റ് കരുതുന്നത്.
ദീർഘനാളത്തെ ഇടവേളക്ക് ശേഷം ക്രിക്കറ്റ് മൈതാനത്ത് തിരിച്ചെത്തിയ 34 കാരനായ ഷമി, തിരിച്ചുവരവിൽ ഏഴ് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. ലോവർ ഓർഡറിൽ 37 റൺസെടുത്ത് ബാറ്റിംഗിലും താരം നിർണായക സംഭാവന നൽകി. ഇൻഡോറിൽ മധ്യപ്രദേശിനെതിരെ 11 റൺസിന്റെ വിജയം നേടാൻ ഷമി ബംഗാളിനെ സഹായിച്ചു.
44 ഓവറുകൾ വലിയ തളർച്ചയൊന്നും കാണിക്കാതെ തന്നെയാണ് ഷമി എറിഞ്ഞത്. 130-135 കിലോമീറ്റർ വേഗതയിൽ സ്ഥിരമായി അദ്ദേഹം പന്തെറിയുന്നുണ്ടായിരുന്നു. പേസർ പതുക്കെപ്പതുക്കെ തന്റെ മാന്ത്രികത വീണ്ടെടുക്കുകയാണെന്ന് ഇത് കാണിക്കുന്നു.
വരാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സുദീപ് കെ ഗാരാമിയാണ് ബംഗാളിനെ നയിക്കുക. നവംബർ 23 ന് രാജ്‌കോട്ടിൽ പഞ്ചാബിനെതിരെയാണ് ബംഗാളിന്റെ ആദ്യ മത്സരം.
സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബംഗാൾ ടീം
സുദീപ് ഗാരാമി (ക്യാപ്റ്റൻ), മുഹമ്മദ് ഷമി, അഭിഷേക് പൊരേൽ, സുദീപ് ചാറ്റർജി, ഷഹബാസ് അഹമ്മദ്, കരൺ ലാൽ, റിട്ടിക് ചാറ്റർജി, റിത്വിക് റോയ് ചൗധരി, ഷാക്കിർ ഹബീബ് ഗാന്ധി, രഞ്ജോത്ത് സിംഗ് ഖൈര, പ്രയാസ് റേ ബർമൻ, അഗ്നിവ് പാൻ, പ്രദീപ്ത പ്രമാണിക്, സക്ഷം ചൗധരി, ഇഷാൻ പൊരേൽ, മുഹമ്മദ് കൈഫ്, സൂരജ് സിന്ധു ജയ്‌സ്വാൾ, ഷയാൻ ഘോഷ്, കനിഷ്ക് സേഥ്, സൗമ്യദീപ് മണ്ഡൽ.
ഷമിയെ ബോർഡർ-ഗവാസ്‌കർ ട്രോഫി ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല
മുഹമ്മദ് ഷമിയെഇന്ത്യയുടെ 18 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. തന്റെ ശിഷ്യൻ ഓസ്‌ട്രേലിയയിലേക്ക് പോകുന്നത് കാണുമെന്ന് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകൻ മുഹമ്മദ് ബദറുദ്ദീൻ അടുത്തിടെ പറഞ്ഞത് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു.
"അഡ്‌ലെയ്ഡ് (രണ്ടാം) ടെസ്റ്റിന് ശേഷം അദ്ദേഹം ഇന്ത്യൻ ടീമിൽ ചേരും. ഇപ്പോൾ അദ്ദേഹം മൈതാനത്ത് തിരിച്ചെത്തി, തന്റെ ഫിറ്റ്നസ് തെളിയിച്ചു, വിക്കറ്റുകൾ വീഴ്ത്തി, പര്യടനത്തിന്റെ രണ്ടാം പകുതിയിൽ ടീമിന് ഷമിയുടെ പ്രകടനം നിർണായകമാകും," അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും കളിക്കില്ല. അദ്ദേഹത്തിനും ഭാര്യ റിതിക സജ്‌ദേഹിനും അടുത്തിടെ രണ്ടാമത്തെ കുട്ടി ജനിച്ചതിനാൽ കുടുംബത്തോടൊപ്പം കുറച്ച് സമയം കൂടി ചെലവഴിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ തീരുമാനിച്ചിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
അഞ്ച് ടെസ്റ്റ് പരമ്പരയുടെ ആദ്യ ടെസ്റ്റിൽ വൈസ് ക്യാപ്റ്റനായ പേസർ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും. ഡിസംബർ 6 ന് അഡ്‌ലെയ്ഡിൽ ആരംഭിക്കുന്ന പിങ്ക് ബോൾ ടെസ്റ്റിന് രോഹിത് ശർമ്മ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
പെർത്തിലെ WACA-യിൽ ഇന്ത്യ എയ്‌ക്കെതിരായ മാച്ച് സിമുലേഷൻ സമയത്ത് ഇടത് തള്ളവിരലിന് പൊട്ടലേറ്റതിനെ തുടർന്ന് വലംകൈയ്യൻ ബാറ്റ്സ്മാൻ ശുഭ്മാൻ ഗില്ലും ആദ്യ ടെസ്റ്റിൽ കളിക്കില്ല.