3 പന്തിൽ വഴങ്ങിയത് 30 റൺസ്! ശ്രീലങ്കൻ താരത്തിന് നാണക്കേടിന്റെ റെക്കോർഡ്
അബുദാബി ടി10 ലീഗിൽ ശ്രീലങ്കൻ താരം ദാസുൻ ഷനക നാണക്കേടിന്റെ റെക്കോർഡിട്ടു. ഡൽഹി ബുൾസിനെതിരായ മത്സരത്തിൽ ബംഗ്ലാ ടൈഗേഴ്സിനായി പന്തെറിഞ്ഞ ഷനക ഒമ്പതാം ഓവറിലെ ആദ്യ മൂന്ന് പന്തുകളിൽ 30 റൺസ് വഴങ്ങിയാണ് ഈ നാണക്കേട് കൈവരിച്ചത്.
ഷനകയുടെ ആദ്യ പന്ത് ഡൽഹി ബുൾസ് താരം നിഖിൽ ചൗധരി ബൗണ്ടറി കടത്തി. തുടർന്ന് എറിഞ്ഞ രണ്ട് പന്തുകളും നോ ബോളുകളായി. ഈ പന്തുകളും നിഖിൽ ചൗധരി ബൗണ്ടറിക്ക് പറത്തിവിട്ടു. ഇതോടെ ഒരു പന്ത് പോലും നിയമപരമായി എറിയുന്നതിന് മുമ്പ് തന്നെ ഷനക 14 റൺസ് വഴങ്ങി.
നിയമപരമായി എറിഞ്ഞ രണ്ടാമത്തെ പന്തും നിഖിൽ ചൗധരി ബൗണ്ടറി കടത്തി. മൂന്നാം പന്തിൽ നിഖിൽ ചൗധരി സിക്സും നേടി. ഇതോടെ ആദ്യ മൂന്ന് പന്തുകളിൽ നിന്നും 24 റൺസ് ഷനക വഴങ്ങി.
ഇവിടെയും ദുരന്തം അവസാനിച്ചില്ല. നാലാമത്തെ പന്തും നോ ബോളായി. വീണ്ടും എറിഞ്ഞ പന്തും നോ ബോളാവുകയും ആ പന്തും നിഖിൽ ചൗധരി ബൗണ്ടറി കടത്തുകയും ചെയ്തു. അങ്ങനെ നിയമപ്രകാരം എറിഞ്ഞ ആദ്യ മൂന്ന് പന്തുകളിൽ ഷനക വഴങ്ങിയത് 30 റൺസായി.
എന്നാൽ അടുത്ത മൂന്ന് പന്തുകളിൽ മൂന്ന് റൺസ് മാത്രം വഴങ്ങി ഷനക തിരിച്ചുവരവ് നടത്തിയത് ആശ്വാസമായി. ബാറ്റിങ്ങിലും തിളങ്ങി ടീമിനെ വിജയതീരത്തെത്തിച്ചാണ് താരം മൈതാനം വിട്ടത്.
ഡൽഹി ബുൾസ് 10 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുത്തപ്പോൾ, 15 പന്തിൽ 50 റൺസടിച്ച ലിയാം ലിവിംഗ്സ്റ്റണിന്റെയും 14 പന്തിൽ 33 റൺസടിച്ച ദാസുൻ ഷനകയുടെയും മികവിൽ ബംഗ്ലാ ടൈഗേഴ്സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 9.4 ഓവറിൽ ലക്ഷ്യത്തിലെത്തി.