മുംബൈയുടെ രക്ഷകര്‍, രോഹിത്തെല്ലാം പടമായപ്പോള്‍ അമ്പരപ്പിച്ചത് താക്കൂര്‍, തകര്‍പ്പന്‍ സെഞ്ച്വറി
രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരെ മുംബൈയുടെ അവിശ്വസനീയ തിരിച്ചുവരവ്. രണ്ടാം ഇന്നിംഗ്‌സില്‍ ഒരു ഘട്ടത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന മുംബൈയെ ഷാര്‍ദുല്‍ താക്കൂറും തനുഷ് കോട്യാനും ചേര്‍ന്ന് രക്ഷപ്പെടുത്തി.
ഇരുവരും ചേര്‍ന്ന് പിരിയാത്ത 8-ാം വിക്കറ്റില്‍ 173 റണ്‍സ് കൂട്ടിച്ചേര്‍ത്തു. താക്കൂര്‍ 119 പന്തില്‍ 113 റണ്‍സും കോട്യാന്‍ 118 പന്തില്‍ 58 റണ്‍സും നേടി ക്രീസില്‍ തുടരുന്നു.
ആദ്യ ഇന്നിംഗ്‌സില്‍ 120 റണ്‍സിന് പുറത്തായ മുംബൈയ്ക്കെതിരെ ജമ്മു കശ്മീര്‍ 206 റണ്‍സ് നേടി 86 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു.
എന്നാല്‍ രണ്ടാം ഇന്നിംഗ്‌സില്‍ താക്കൂറും കോട്യാനും ചേര്‍ന്ന് മുംബൈയെ തിരിച്ചുവരവിലേക്ക് നയിച്ചു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് എന്ന നിലയിലാണ്.
യശസ്വി ജയ്സ്വാള്‍ (26), രോഹിത് ശര്‍മ്മ (28), അജിങ്ക്യ രഹാനെ (16), ശ്രേയസ് അയ്യര്‍ (17), ശിവം ദുബെ (0) എന്നിവര്‍ വേഗത്തില്‍ പുറത്തായെങ്കിലും താക്കൂറും കോട്യാനും മുംബൈയെ രക്ഷപ്പെടുത്തി.
രണ്ടാം ഇന്നിംഗ്‌സില്‍ ജമ്മു കശ്മീരിനെതിരെ മുംബൈക്ക് നിലവില്‍ 188 റണ്‍സിന്റെ ലീഡുണ്ട്.