വിഷാദരോഗിയെ പോലെയാണ് രോഹിതിന്റെ ശരീരഭാഷ; ടീമിന് ആത്മവിശ്വാസം നൽകണം - രൂക്ഷവിമർശനം ഉയരുന്നു
അഡ്‌ലെയ്ഡ് ടെസ്റ്റിൽ മധ്യനിരയിൽ ബാറ്റ് ചെയ്ത രോഹിത് ശർമ്മയുടെ തീരുമാനത്തെ പിന്തുണച്ച മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി, എന്നാൽ അടുത്ത മത്സരങ്ങളിൽ ക്യാപ്റ്റൻ തിരികെ ഓപ്പണിംഗിലേക്ക് വരണമെന്ന് നിർദ്ദേശിച്ചു. അടുത്തയാഴ്ച ഗാബയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ രോഹിത് ഓപ്പൺ ചെയ്യണമെന്നാണ് ശാസ്ത്രിയുടെ ആവശ്യം. കൂടാതെ രോഹിത് ഗ്രൗണ്ടിൽ കുറേകൂടി ആത്മവിശ്വാസമുള്ള ശരീരഭാഷ കാണിക്കണമെന്നും ശാസ്ത്രി പറയുന്നു.
തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആദ്യ ടെസ്റ്റ് രോഹിതിന് നഷ്ടപ്പെട്ടിരുന്നു. പെർത്തിലെ ആദ്യ ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച കെഎൽ രാഹുലിന് വേണ്ടിയാണ് രോഹിത് തന്റെ ഓപ്പണിങ് സ്ഥാനം ത്യജിച്ചത്. അഡലൈഡിൽ രോഹിത് മോശം പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് ഇന്നിംഗ്‌സുകളിലും കൂടി വെറും 9 റൺസ് മാത്രമാണ് ഇന്ത്യൻ നായകൻ നേടിയത്.
"ഓപ്പണിങ്ങിലാണ് രോഹിത് കൂടുതൽ ഫലപ്രദമാവുക. അദ്ദേഹത്തിന്റെ ആക്രമണോത്സുകത പ്രകടിപ്പിക്കേണ്ടത് ടോപ് ഓർഡറിലാണ്. അദ്ദേഹത്തിന്റെ ശരീരഭാഷ കണ്ടപ്പോൾ അദ്ദേഹം ഇപ്പോഴേ വിഷാദത്തിൽ പെട്ടത് പോലെയാണ് തോന്നുക. അദ്ദേഹം റൺസ് നേടാത്തതാവാം ഫീൽഡിലും പ്രതിഫലിക്കുന്നത്. എന്നാൽ, ഈ പരമ്പരയിൽ ഇനിയും ഇന്ത്യയ്ക്ക് തിരിച്ചുവരാൻ കഴിയുമെന്ന് ടീമിനെ വിശ്വസിപ്പിക്കണം. ഇതിന് മുൻപ് ഇതേ ടീം അതൊക്കെ ചെയ്തതാണ്. കഴിഞ്ഞ 10 വർഷമായി ഇത് സംഭവിക്കുന്നു. നമ്മൾ ഒരു മത്സരം തോൽക്കുന്നു, അടുത്തത് ജയിക്കുന്നു.. പക്ഷേ ഇതിനായി നിങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം" ശാസ്ത്രി പറഞ്ഞു.
Advertisement
"രോഹിത് ഓപ്പൺ ചെയ്യുകയാണെങ്കിൽ അതിനർത്ഥം രാഹുൽ മധ്യനിരയിലേക്ക് മടങ്ങുമെന്നാണ്. എന്നാൽ രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ കളിച്ചിരുന്നെങ്കിലും ഇതുതന്നെ സംഭവിച്ചേനെ" അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇന്ത്യയ്ക്ക് പാറ്റ് കമ്മിൻസിൽ നിന്ന് പാഠം പഠിക്കാം"
രോഹിതിന്റെ ബാറ്റിംഗിന് പുറമെ, ആർ അശ്വിനെ കാര്യക്ഷമമായി ഉപയോഗിക്കാത്തതിനും, ജസ്പ്രീത് ബുംറയെ നിർണായക ഘട്ടങ്ങളിൽ ബൗളിംഗിന് കൊണ്ടുവരാത്തതിനും അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയും രൂക്ഷമായി വിമർശിക്കപ്പെട്ടു. പെർത്തിലെ തോൽവിക്ക് ശേഷം ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് രണ്ടാം ടെസ്റ്റിനെ എങ്ങനെ സമീപിച്ചുവെന്ന് രോഹിത് പഠിക്കണമെന്ന് ശാസ്ത്രി പറഞ്ഞു.
പെർത്തിൽ തോറ്റ ശേഷം പാറ്റ് കമ്മിൻസ് ഉപയോഗിച്ച വാക്കുകൾ ശ്രദ്ധിക്കണമെന്നും അതിൽ നിന്നും പാഠം പഠിക്കണമെന്നും ശാസ്ത്രി പറയുന്നു . "ഞങ്ങൾ വേണ്ടത്ര മികച്ചവരല്ലായിരുന്നു, പക്ഷേ സ്കോർബോർഡ് കാണിച്ച അത്രയും മോശക്കാരായിരുന്നില്ല ഞങ്ങൾ" ഇങ്ങനെയായിരുന്നു കമ്മിൻസിന്റെ വാക്കുകൾ