അയാള്‍ കളിച്ചാല്‍ ഇന്ത്യ ജയിക്കും, അമ്പരപ്പിക്കുന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ താരം
ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണ്ണ നേട്ടം സ്വന്തമാക്കി യുവ ഓള്‍ റൗണ്ടര്‍ ശിവം ദുബെ. ഇംഗ്ലണ്ടിനെതിരായ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെയാണ് ദുബെയെ തേടി അപൂര്‍വ റെക്കോര്‍ഡെത്തിയത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ തോല്‍വി അറിയാതെ തുടര്‍ച്ചയായ 30 മത്സരങ്ങളില്‍ കളിയ്ക്കുന്ന ആദ്യ താരം എന്ന റെക്കോര്‍ഡാണ് ദുബെ സ്വന്തമാക്കിയത്.
2019 നു ശേഷം ദുബെ കളത്തിലിറങ്ങിയ ഒരു ടി20 മത്സരത്തില്‍ പോലും ഇന്ത്യ തോറ്റിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 2019 നവംബര്‍ 3ന് ബംഗ്ലാദേശിനെതിരെയായിരുന്നു ദുബെയുടെ അരങ്ങേറ്റം. ആദ്യ മത്സരം ഇന്ത്യ തോറ്റെങ്കിലും പിന്നീട് ദുബെ കളിച്ച എല്ലാ മത്സരങ്ങളിലും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
2020 ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെ 5-0 ന്റെ പരമ്പര വിജയം നേടിയപ്പോള്‍ ദുബെ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു.
2024 ടി20 ലോകകപ്പില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ 15 വിജയങ്ങളില്‍ ദുബെ പങ്കാളിയായി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ആദ്യം ടീമില്‍ ഉണ്ടായിരുന്നില്ലെങ്കിലും നിതീഷ് കുമാര്‍ റെഡ്ഡിയുടെ പരിക്ക് കാരണം അവസാന മൂന്ന് മത്സരങ്ങളില്‍ ദുബെയെ ടീമില്‍ ഉള്‍പ്പെടുത്തി. മൂന്നാം ടി20യില്‍ കളത്തിലിറങ്ങിയില്ലെങ്കിലും അവസാന രണ്ടു മത്സരങ്ങളിലും ഇന്ത്യ വിജയിച്ചതോടെ ദുബെയുടെ റെക്കോര്‍ഡ് 30 മത്സരങ്ങളില്‍ എത്തിച്ചേര്‍ന്നു.
35 ടി20 മത്സരങ്ങള്‍ കളിച്ച ദുബെ 26 മത്സരങ്ങളില്‍ ബാറ്റിംഗില്‍ ഇറങ്ങി. 4 അര്‍ദ്ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 531 റണ്‍സും 13 വിക്കറ്റുകളും നേടിയിട്ടുണ്ട്.
ഈ നേട്ടം ശിവം ദുബെയുടെ കരിയറിലെ ഒരു നാഴികക്കല്ലായി കണക്കാക്കുന്നു. വരുന്ന മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് ടീമിന് കൂടുതല്‍ വിജയങ്ങള്‍ നേടിക്കൊടുക്കാന്‍ ദുബെയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.