പാകിസ്ഥാനെതിരെ കളിയുണ്ടെന്ന് പറയൂ, കോഹ്ലി ഫോം വീണ്ടെടുക്കും, ഉപദേശിച്ച് അക്തര്‍
ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി ഫോമിലേക്ക് തിരിച്ചെത്താനുളള സൂത്രം ഉപദേശിച്ച് പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ കളിക്കുന്നത് കോഹ്ലിക്ക് ഗുണം ചെയ്യുമെന്നാണ് അക്തറിന്റെ നിരീക്ഷണം.
'കോഹ്ലിയോട് പറയൂ, പാകിസ്ഥാനെതിരെ ഒരു മത്സരം ഉണ്ടെന്ന്. അത്രമാത്രം മതി, കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തും. മെല്‍ബണില്‍ കോഹ്ലി മികച്ച ഇന്നിംഗ്‌സ് കളിച്ചിരുന്നു' അക്തര്‍ പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഗംഭീരമായിരിക്കുമെന്നും അക്തര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 'ഉയര്‍ന്ന സ്‌കോര്‍ പ്രതീക്ഷിക്കുന്നു. കോഹ്ലി ഇന്ത്യയ്ക്കുവേണ്ടിയും ബാബര്‍ അസം പാകിസ്ഥാനുവേണ്ടിയും റണ്‍സ് നേടും. ഷഹീന്‍, നസീം, ബുംറ എന്നിവര്‍ വിക്കറ്റുകള്‍ വീഴ്ത്തും,' അക്തര്‍ കൂട്ടിച്ചേര്‍ത്തു.
സയിം അയൂബിന്റെ പരിക്ക് പാകിസ്ഥാന് ഒരു തിരിച്ചടിയാണെന്നും ഫഖര്‍ സമാന്‍ ഓപ്പണിംഗില്‍ കളിക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നും അക്തര്‍ പറഞ്ഞു.
1996ന് ശേഷം ആദ്യമായാണ് പാകിസ്ഥാന്‍ ഒരു പ്രധാന ഐസിസി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യ അവരുടെ മത്സരങ്ങള്‍ ദുബായില്‍ കളിക്കും.
2023 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍, 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.