പുറത്തായിട്ടും ക്രീസ് വിടാതെ ശ്രേയസ്, നാടകീയ സംഭവങ്ങള്‍
രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ പുറത്തായതിനെച്ചൊല്ലി വിവാദം. ഔകിബ് നബി ധറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കനയ്യ വധാവന്‍ ഡൈവിങ് ക്യാച്ചെടുത്തതാണ് ശ്രേയസിന്റെ പുറത്താകലിന് കാരണമായത്. എന്നാല്‍, അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ശ്രേയസ് ഗ്രൗണ്ട് വിടാന്‍ വിസമ്മതിച്ചു.
അമ്പയര്‍ക്ക് നേരെ ചെന്ന് ശ്രേയസ് അയ്യര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. നോണ്‍-സ്ട്രൈക്കറായി നിന്നിരുന്ന ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും വിഷയത്തില്‍ ഇടപെട്ടു. എന്നാല്‍, ശ്രേയസിന്റെ വാദങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. നിരാശയോടെയാണ് താരം പിന്നീട് ഗ്രൗണ്ട് വിട്ടത്. 16 പന്തില്‍ നിന്ന് 17 റണ്‍സാണ് ശ്രേയസിന്റെ സമ്പാദ്യം.
രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും നിരാശപ്പെടുത്തി. 35 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത രോഹിത് യുദ്ധ്വീര്‍ സിങ്ങിന്റെ പന്തില്‍ പുറത്തായി. 51 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിനെയും യുദ്ധ്വീര്‍ സിങ് തന്നെയാണ് പുറത്താക്കിയത്. ശിവം ദുബെ രണ്ടാം ഇന്നിങ്സിലും ഡക്കായി.
ആദ്യ ഇന്നിങ്സില്‍ 120 റണ്‍സിന് പുറത്തായ മുംബൈയ്ക്ക് രണ്ടാം ഇന്നിങ്സിലും തിരിച്ചുവരവ് അത്ര എളുപ്പമാകില്ല എന്നാണ് സൂചന. ജമ്മു കശ്മീര്‍ ആദ്യ ഇന്നിങ്സില്‍ 206 റണ്‍സെടുത്തിരുന്നു.