ശ്രേയസ് അയ്യര്‍ക്ക് പഞ്ചാബ് കിംഗ്സിന്റെ തലവര മാറ്റാനാകും; വമ്പന്‍ പ്രവചനവുമായി റെയ്ന
ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് പഞ്ചാബ് കിംഗ്സിന്റെ തലവര മാറ്റാനാകുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. ഐപിഎല്‍ ഔദ്യോഗിക സംപ്രേക്ഷകരായ ജിയോസ്റ്റാര്‍ സംഘടിപ്പിച്ച ഒരു സംവാദത്തിലാണ് റെയ്ന ഇക്കാര്യം പറഞ്ഞത്.
റിക്കി പോണ്ടിംഗിന്റെയും മികച്ച ബാറ്റര്‍മാരുടെയും സഹായത്തോടെ ക്യാപ്റ്റന്‍ അയ്യര്‍ക്ക് പഞ്ചാബിന്റെ ഇതുവരെയുളള ചരിത്രം തിരുത്താനാകുമെന്നാണ് റെയ്നയുടെ വിലയിരുത്തല്‍. അയ്യരുടെ ബാറ്റിംഗ് മികവിനെയും ക്യാപ്റ്റന്‍സി വൈദഗ്ധ്യത്തെയും റെയ്ന പ്രശംസിച്ചു.
'അയ്യര്‍ക്ക് അവരുടെ തലവര മാറ്റാനാകും. അയ്യരുടെ ബാറ്റിംഗ് മികച്ചതാണ്. അദ്ദേഹത്തിന് ക്യാപ്റ്റന്‍സി കഴിവുകളുണ്ട്; അദ്ദേഹം ഐപിഎല്‍ വിജയിച്ചിട്ടുണ്ട്. പഞ്ചാബിന്റെ ഭാഗ്യം മാറ്റാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്കുറപ്പുണ്ട്. അവര്‍ക്കൊപ്പംപോണ്ടിംഗുണ്ട്. അദ്ദേഹത്തിന്റെ ആസൂത്രണം ശക്തമാണ്. ഇത് പഞ്ചാബിന് കരുത്താകും' റെയ്ന പറഞ്ഞു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിച്ച പരിചയം അയ്യര്‍ക്ക് ഗുണം ചെയ്യുമെന്നും റെയ്ന അഭിപ്രായപ്പെട്ടു. പഞ്ചാബ് കിംഗ്സിന്റെ ബാറ്റിംഗ് നിര ശക്തമാണെന്നും, അയ്യരുടെ വരവോടെ ടീം കൂടുതല്‍ കരുത്തു നേടുമെന്നും റെയ്ന കൂട്ടിച്ചേര്‍ത്തു.