വെടിക്കെട്ട് ഇരട്ട് സെഞ്ച്വറിയുമായി ശ്രേയസിന്റെ ഗര്‍ജനം, 228 പന്തില്‍ അടിച്ചുകൂട്ടിയത് 233 റണ്‍സ്!
രഞ്ജി ട്രോഫിയില്‍ ഒഡീഷയ്ക്കെതിരെ ഇരട്ട സെഞ്ച്വറിയുമായി ഇന്ത്യന്‍ താരം ശ്രേയസ് അയ്യരുടെ ആറാട്ട്. മുംബൈയിലെ ബികെസി ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിലാണ് തന്റെ തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ച്വറി ഒരു ഡബിള്‍ സെഞ്ച്വറിയാക്കി ശ്രേയസ് അയ്യര്‍ മാറ്റിയത്.
ഇതോടെ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട ശ്രേയസ് ഫോമിലേക്ക് തിരിച്ചെത്തിയെന്ന് ഉറപ്പായി. രണ്ടാം റൗണ്ടില്‍ മഹാരാഷ്ട്രയ്ക്കെതിരെ നേടിയ സെഞ്ച്വറിയ്ക്ക് പിന്നാലെയാണ് ഈ പ്രകടനം. ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷമാണ് ശ്രേയസ് അയ്യര്‍ ഒരു ഫസ്റ്റ് ക്ലാസ് സെഞ്ച്വറി അന്ന് നേടിയത്. 2021 നവംബറില്‍ കാന്‍പൂരില്‍ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിലായിരുന്നു അദ്ദേഹത്തിന്റെ അവസാന സെഞ്ച്വറി. തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് മൂന്നാം റൗണ്ടില്‍ ത്രിപുരയ്ക്കെതിരായ മത്സരത്തില്‍ അയ്യര്‍ക്ക് കളിക്കാനായില്ല.
ഒന്നാം ദിവസം വെറും 101 പന്തില്‍ നിന്നാണ് അയ്യര്‍ സെഞ്ച്വറി നേടിയത്. ആദ്യ ദിനം സ്റ്റംമ്പെടുക്കുമ്പോള്‍ 18 ഫോറുകളും നാല് സിക്‌സറുകളും സഹിതം 152 റണ്‍സുമായി അദ്ദേഹം പുറത്താകാതെ നിന്നിരുന്നു. അയ്യര്‍ വേഗത്തില്‍ റണ്‍സ് നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, മറുവശത്ത് സിദ്ധേഷ് ലാഡ് പിടിച്ചുനിന്നു. മുംബൈ ക്രിക്കറ്റിലേക്കുള്ള മികച്ച തിരിച്ചുവരവിനായി ലക്ഷ്യമിട്ട ലാഡ് അനാവശ്യമായ റിസ്‌ക്കുകള്‍ എടുത്തില്ല. 234 പന്തില്‍ നിന്ന് പുറത്താകാതെ 116 റണ്‍സ് നേടിയ ലാഡ് മുംബൈയെ മത്സരത്തില്‍ മുന്നിലെത്തിച്ചു.
22 ഫോറുകളും എട്ട് സിക്‌സറുകളുമടക്കം 201 പന്തില്‍ നിന്നാണ് അയ്യര്‍ ഡബിള്‍ സെഞ്ച്വറിയിലെത്തിയത്. 2017-18 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി മുംബൈയില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ പുറത്താകാതെ 202 റണ്‍സ് നേടിയതിന് ശേഷമുള്ള ശ്രേയസിന്റെ ആദ്യ ഫസ്റ്റ് ക്ലാസ് ഡബിള്‍ സെഞ്ച്വറിയാണിത്. അയ്യരുടെ മുന്‍ രഞ്ജി ട്രോഫി ഡബിള്‍ സെഞ്ച്വറി 2015 ഒക്ടോബറിലായിരുന്നു.
ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താനുള്ള അയ്യരുടെ പ്രതീക്ഷകള്‍ക്ക് ഈ സെഞ്ച്വറികള്‍ പുത്തനുണര്‍വ്വ് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ട് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു, പക്ഷേ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പുറം വേദന ശ്രേയസിന് ടീമില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതനാക്കിയിരുന്നു.
'എനിക്ക് തിരിച്ചുവരവിന് വളരെ താല്പര്യമുണ്ട്, പക്ഷേ എനിക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. എന്റെ ജോലി പരമാവധി പ്രകടനം നടത്തുകയും പങ്കെടുക്കുകയും ചെയ്യുക എന്നതാണ്, കൂടാതെ എന്റെ ശരീരം മികച്ച രൂപത്തിലാണെന്ന് ഉറപ്പാക്കുകയും വേണം. അതനുസരിച്ച് ഞാന്‍ ഏറ്റവും നല്ല തീരുമാനമെടുക്കും' ശ്രേയസ് ഒക്ടോബറില്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു.