എന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു, തുറന്ന് പറഞ്ഞ് ശുഭ്മാന്‍ ഗില്‍
ടെസ്റ്റിലെ തന്റെ ബാറ്റിംഗ് ആശങ്കകള്‍ തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍. കര്‍ണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ പഞ്ചാബിനായി മികച്ച സെഞ്ച്വറി നേടിയ ശേഷമാണ് ഗില്‍ റെഡ്-ബോള്‍ ക്രിക്കറ്റിലെ തന്റെ ബാറ്റിംഗ് ആശങ്കകള്‍ തുറന്നുപറഞ്ഞത്.
മത്സരത്തില്‍ 14 ഫോറുകളും മൂന്ന് സിക്സറുകളും ഉള്‍പ്പെടെ 102 റണ്‍സ് നേടിയ ഗില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. എന്നിരുന്നാലും, പഞ്ചാബ് രണ്ടാം ഇന്നിംഗ്സില്‍ 213 റണ്‍സിന് പുറത്തായതിനാല്‍ ഗില്ലിന്റെ പ്രകടനം വിജയത്തിലേക്ക് നയിച്ചില്ല. മത്സരത്തില്‍ പഞ്ചാബ് ഇന്നിംഗ്സിനും 207 റണ്‍സിനും പരാജയപ്പെട്ടു.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനം ഗില്ലിന് ഏറെ വിമര്‍ശനങ്ങള്‍ സമ്മാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗില്ലിന്റെ തുറന്ന്് പറച്ചില്‍. വലിയ സ്‌കോറുകള്‍ നേടുന്നതിന് ചിലപ്പോള്‍ അമിത സമ്മര്‍ദ്ദം ചെലുത്തുന്നതായും അത് ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടാന്‍ ഇടയാക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
'റെഡ്-ബോള്‍ ബാറ്റിംഗ് ഇപ്പോള്‍ ഒരു ആശങ്കയാണ്. ചിലപ്പോള്‍, ഞാന്‍ കളിക്കുന്ന മത്സരങ്ങളില്‍, എനിക്ക് വളരെ നല്ല 25-30 റണ്‍സ് ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു. ആ നിമിഷങ്ങളില്‍, ചിലപ്പോള്‍ വലിയ റണ്‍സ് നേടുന്നതിന് ഞാന്‍ എന്നില്‍ത്തന്നെ അമിത സമ്മര്‍ദ്ദം ചെലുത്തുന്നു. അത് ഞാന്‍ എന്റെ കളി കളിച്ച് വളര്‍ന്ന രീതിയല്ല' ഗില്‍ പിടിഐയോട് പറഞ്ഞു.
'ഞാന്‍ ഒരു നിശ്ചിത സോണിലാണ്, ഒരു നിശ്ചിത ഉദ്ദേശ്യത്തിലാണ്, ചിലപ്പോള്‍ ഞാന്‍ അത് നഷ്ടപ്പെടുത്തുന്നുവെന്ന് ഞാന്‍ കരുതുന്നു, കാരണം ഞാന്‍ സെറ്റായതിനാല്‍ ഇപ്പോള്‍ വലിയ റണ്‍സ് നേടണമെന്ന് ഞാന്‍ എന്നില്‍ത്തന്നെ അമിത സമ്മര്‍ദ്ദം ചെലുത്തുന്നു. ആ നിര്‍ണായക നിമിഷങ്ങളില്‍, ഞാന്‍ ചിലപ്പോള്‍ എന്റെ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടുത്തുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ മൂന്ന് മത്സരങ്ങളില്‍ (അഞ്ച് ഇന്നിംഗ്സ്) നിന്ന് 93 റണ്‍സ് മാത്രമാണ് ഗില്ലിന് നേടാനായത്, ശരാശരി 18.60 ഉം ഉയര്‍ന്ന സ്‌കോര്‍ 31 ഉം ആയിരുന്നു. ഇതോടെ മെല്‍ബണില്‍ നടന്ന നാലാം ടെസ്റ്റില്‍ അദ്ദേഹത്തെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
അതെസമയം അടുത്ത മാസം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയ്ക്കുളള ഇന്ത്യന്‍ ടീമിലെ പ്രധാന താരമാണ് ഗില്‍. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമില്‍ വൈസ്് ക്യാപ്റ്റനായാണ് ഗില്ലിനെ നിയമിച്ചിരിക്കുന്നത്.