ഇന്ത്യക്ക് കനത്ത തിരിച്ചടി; വിശ്വസ്‌തനായ താരം രണ്ടാം ടെസ്റ്റിൽ കളിക്കില്ല
ഡിസംബർ 6 ന് അഡ്‌ലെയ്ഡിൽ ആരംഭിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ഡേ-നൈറ്റ് ടെസ്റ്റിലും ഇന്ത്യയുടെ വിശ്വസ്തനായ താരം ശുഭ്മാൻ ഗിൽ കളിക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. ഇടത് തള്ളവിരലിന് പരിക്കേറ്റ താരത്തിന് കൂടുതൽ വിശ്രമം ആവശ്യമാണെന്നാണ് മെഡിക്കൽ വിദഗ്ധരുടെ നിർദേശം.
രണ്ടാഴ്ചത്തെ വിശ്രമം
ഇൻട്രാ-സ്ക്വാഡ് മത്സരത്തിനിടെ ഫീൽഡിംഗ് ചെയ്യുമ്പോഴാണ് ഗില്ലിന് പരിക്കേറ്റത്. പെർത്തിൽ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് ഗിലിന് നഷ്ടപ്പെട്ടിരുന്നു.
"പരിക്കേറ്റതിന് ശേഷം മെഡിക്കൽ സ്പെഷ്യലിസ്റ്റ് ഗില്ലിന് 10-14 ദിവസത്തെ വിശ്രമം നിർദ്ദേശിച്ചു. വാരാന്ത്യത്തിൽ നടക്കുന്ന പരിശീലന മത്സരത്തിൽ അദ്ദേഹം കളിക്കില്ല. ബോർഡർ-ഗാവസ്കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റിലും അദ്ദേഹത്തിന്റെ ലഭ്യതയെക്കുറിച്ച് സംശയമുണ്ട്. പരിക്ക് എത്രത്തോളം സുഖപ്പെട്ടു, വേദന എങ്ങനെ അനുഭവപ്പെടുന്നു എന്ന് നോക്കണം. അത് സുഖപ്പെട്ടതിന് ശേഷവും, ടെസ്റ്റ് മത്സരം കളിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് കുറച്ച് നല്ല പരിശീലനം ആവശ്യമാണ്" ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.
Advertisement
മുൻ സെലക്ടറുടെ പ്രതികരണം
മുൻ ഇന്ത്യൻ സെലക്ടർ ജതിൻ പരാഞ്ജപെ പറഞ്ഞതനുസരിച്ച്, പരിക്കുമൂലം ഗിലിന് "രണ്ടോ മൂന്നോ ടെസ്റ്റുകൾ" നഷ്ടപ്പെട്ടേക്കാം.
"മുൻകാല അനുഭവത്തിൽ നിന്ന് എനിക്കറിയാം, വിരലിന് ഏൽക്കുന്ന പരിക്കുകൾ, പ്രത്യേകിച്ച് അദ്ദേഹത്തിന് തള്ളവിരലിന് പരിക്കേറ്റത് പോലെ, സുഖപ്പെടാൻ രണ്ട് മുതൽ നാല് ആഴ്ച വരെ എടുക്കും, അതിനാൽ അദ്ദേഹം രണ്ടോ മൂന്നോ ടെസ്റ്റ് മത്സരങ്ങൾ നഷ്ടപ്പെടുത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല," പരാഞ്ജപെ പറഞ്ഞു.
ഇന്ത്യയുടെ നമ്പർ 3 ആരാകും?
ഇന്ത്യയുടെ ബാറ്റിംഗ് നിരയിലെ ഒരു പ്രധാന അംഗമാണ് ഗിൽ. ഏകദേശം നാല് വർഷം മുമ്പ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനിടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ബ്രിസ്‌ബേനിലെ ഗാബയിൽ നടന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഇന്ത്യയുടെ ചരിത്ര വിജയത്തിൽ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ എന്ന നിലയിൽ അദ്ദേഹം വിലപ്പെട്ട സംഭാവന നൽകി. ഓസ്ട്രേലിയയിൽ തുടർച്ചയായി രണ്ട് ടെസ്റ്റ് പരമ്പരകൾ വിജയിക്കുന്ന ആദ്യ ടീമായി ഇന്ത്യയെ മാറ്റിയത് ഈ വിജയമാണ്.
അതിനുശേഷം, ഗിൽ എല്ലാ ഫോർമാറ്റിലും മികവ് പുലർത്തുന്ന ഒരു ബാറ്റ്‌സ്മാനായി തന്റെ സ്ഥാനം ഉറപ്പിച്ചു. ചേതേശ്വർ പൂജാരയ്ക്ക് പകരം ടീം മാനേജ്‌മെന്റും സെലക്ടർമാരും മറ്റൊരു താരത്തെ പരിഗണിക്കാൻ തീരുമാനിച്ചപ്പോൾ ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഗില്ലിന്റെ മൂല്യം കൂടി. നമ്പർ 3 ൽ ബാറ്റ് ചെയ്യാൻ അനുവദിക്കണമെന്ന് ഗിൽ അന്നത്തെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനോട് അഭ്യർത്ഥിക്കുകയും, ടീം സമ്മതം മൂളുകയും ചെയ്യുകയായിരുന്നു.
നമ്പർ 3 ൽ ഇറങ്ങിയതിന് ശേഷം ഗില്ലിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞു. 24-കാരൻ ഇതുവരെ വൺ ഡൗണിൽ 25 ഇന്നിംഗ്‌സുകളിൽ നിന്ന് മൂന്ന് സെഞ്ച്വറികളുമായി 924 റൺസ് നേടിയിട്ടുണ്ട്. നമ്പർ 3 ൽ അദ്ദേഹത്തിന്റെ ശരാശരി 42.07 ആണ്, ഇത് അദ്ദേഹത്തിന്റെ കരിയർ ശരാശരിയായ 36.73 നേക്കാൾ കൂടുതലാണ്.
ഗില്ലിന്റെ പരിക്കും ആദ്യ ടെസ്റ്റിൽ സ്ഥിരം ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ അഭാവവും ഇന്ത്യയെ ടോപ്പ് ഓർഡറിൽ മാറ്റങ്ങൾ വരുത്താൻ നിർബന്ധിതരാക്കി. യശസ്വി ജയ്‌സ്വാളിനൊപ്പം, കെഎൽ രാഹുൽ ഓപ്പണിംഗിലേക്ക് തിരിച്ചെത്തി. ഈ നീക്കം വലിയ വിജയമായി മാറി, രണ്ടാം ഇന്നിംഗ്‌സിൽ രാഹുലും ജയ്‌സ്വാളും ചേർന്ന് റെക്കോർഡ് ഇരട്ട സെഞ്ച്വറി ഓപ്പണിംഗ് സ്റ്റാൻഡ് നേടി ടീമിന്റെ കൂറ്റൻ വിജയത്തിന് അടിത്തറ പാകി.
ടീമിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമ്മ, ജയ്‌സ്വാളിന്റെ ഓപ്പണിംഗ് പങ്കാളിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഗില്ലിന് ഫിറ്റ്‌നസ് വീണ്ടെടുക്കാൻ കഴിയുന്നില്ലെങ്കിൽ രാഹുൽ നമ്പർ 3 ലേക്ക് ഇറങ്ങിയേക്കാം. അതായത്, ആദ്യ ടെസ്റ്റ് മത്സരത്തിനായി അവസാന നിമിഷം ടീമിൽ ഉൾപ്പെടുത്തിയ ഇടംകൈയ്യൻ ബാറ്റർ ദേവ്ദത്ത് പടിക്കലിന് പ്ലേയിംഗ് ഇലവനിൽ ഇടമുണ്ടാകാനിടയില്ല.
പെർത്തിൽ 295 റൺസിന്റെ റെക്കോർഡ് വിജയത്തോടെ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന ഇന്ത്യ,അഡ്‌ലെയ്ഡിൽ മറ്റൊരു വിജയത്തിലൂടെ ഡേ-നൈറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയെ തോൽപ്പിക്കുന്ന ആദ്യ ടീമായി മാറാനാവും ശ്രമിക്കുക.