ഗില്‍ ഒരു 'ഓവര്‍റേറ്റഡ്' താരം, ഇനിയെങ്കിലും ആ 3 താരങ്ങളെ പരിഗണിക്കൂ, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം
ഓസ്‌ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ യശസ്വി ജയ്സ്വാള്‍ ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കാര്‍ക്കും സ്ഥിരതയോടെ റണ്‍സ് നേടാനായില്ലെന്ന് വിലയിരുത്തി മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. നിതീഷ് കുമാര്‍ റെഡ്ഡി, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവര്‍ പ്രതീക്ഷ നല്‍കിയെങ്കിലും നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനെ തോളിലേറ്റുന്നതില്‍ പരാജയപ്പെട്ടതായി ശ്രീകാന്ത് പറയുന്നു.
വിരാട് കോലി, രോഹിത് ശര്‍മ്മ എന്നിവരുടെ ഫോമിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ശുഭ്മാന്‍ ഗില്ലിന്റെ മോശം പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരമായി കണക്കാക്കപ്പെടുന്ന ഗില്ലിന് തിരഞ്ഞെടുപ്പ് കമ്മിറ്റി ദീര്‍ഘകാല പിന്തുണ നല്‍കിയിട്ടും, പ്രത്യേകിച്ച് വിദേശ പിച്ചുകളില്‍, അദ്ദേഹത്തിന്റെ പ്രകടനം മോശമാണെന്നും ശ്രീകാന്ത് വിമര്‍ശിച്ചു.
'ഗില്‍ ഒരു 'ഓവര്‍റേറ്റഡ്' ക്രിക്കറ്ററാണെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്, പക്ഷേ ആരും എന്നെ ശ്രദ്ധിച്ചില്ല', ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
സൂര്യകുമാര്‍ യാദവ്, ഋതുരാജ് ഗെയ്ക്വാദ്, സായ് സുധര്‍ശന്‍ തുടങ്ങിയ താരങ്ങള്‍ക്ക് ടെസ്റ്റ് ടീമില്‍ അവസരം നല്‍കണമായിരുന്നുവെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ഈ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും തിരഞ്ഞെടുപ്പ് കമ്മിറ്റി അവരെ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'സൂര്യകുമാറിന് ടെസ്റ്റുകളില്‍ നല്ല തുടക്കം ലഭിച്ചില്ല, പക്ഷേ അദ്ദേഹത്തിന് ടെക്‌നിക്കും കഴിവുമുണ്ട്. എന്നാല്‍ തിരഞ്ഞെടുക്കുന്നവരും മാനേജ്മെന്റും അദ്ദേഹത്തെ ഒരു വൈറ്റ്-ബോള്‍ സ്‌പെഷ്യലിസ്റ്റായി ചുരുക്കിയിരിക്കുന്നു. അതിനര്‍ത്ഥം നിങ്ങള്‍ പുതിയ പ്രതിഭകളെ നോക്കണം എന്നാണ്', ശ്രീകാന്ത് പറഞ്ഞു.
ഋതുരാജ് ഗെയ്ക്വാദ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും, സായ് സുധര്‍ശന്‍ 'എ' ടൂറുകളില്‍ തിളങ്ങിയിട്ടുണ്ടെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി. ഈ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ഗില്ലിനെ തിരഞ്ഞെടുത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി വട്ടം കറങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.