ഇന്ത്യന്‍ സൂപ്പര്‍ താരം പുറത്ത്, സര്‍ഫറാസ് കളിക്കാന്‍ വഴിയൊരുങ്ങുന്നു
ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്താകാന്‍ സാധ്യത. കഴുത്തിനും തോളിനും വേദനയെ തുടര്‍ന്നാണ് ഗില്‍ ആദ്യ മത്സരത്തില്‍ പുറത്തിരിക്കുക. ഗില്‍ തന്നെ ഇക്കാര്യം ടീം മാനേജ്‌മെന്റിനെ അറിയിച്ചതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടെസ്റ്റ് മത്സരത്തിന്റെ അന്ന് ഒക്ടോബര്‍ 16 ന് രാവിലെയായിരിക്കും ഗില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ടീം മാനേജുമെന്റ് അന്തിമ തീരുമാനം കൈകൊള്ളുക.
ഗില്ലിന്റെ അഭാവത്തില്‍ സര്‍ഫറാസ് ഖാനോ ധ്രുവ് ജുറേലോ ഇന്ത്യന്‍ പ്ലെയിംഗ് ഇലവനില്‍ ഇടം നേടിയേക്കാം. ടെസ്റ്റ് ക്രിക്കറ്റില്‍ മൂന്നാം നമ്പര്‍ സ്ഥാനത്ത് ഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഗില്‍, 2020 മുതല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഏറ്റവും ഉയര്‍ന്ന ബാറ്റിംഗ് ശരാശരിയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കൂടിയാണ്.
ദുലീപ് ട്രോഫിയില്‍ മുംബൈക്ക് വേണ്ടി ഇരട്ട സെഞ്ച്വറി നേടിയ സര്‍ഫറാസ് ഖാന്‍ ഗില്ലിന് പകരക്കാരനാകാന്‍ സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ മികച്ച തുടക്കം കുറിച്ച സര്‍ഫറാസ്, കെ എല്‍ രാഹുലിന്റെ തിരിച്ചുവരവിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായിരുന്നു.
സര്‍ഫറാസ് ടീമിലെത്തിയാല്‍ ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റങ്ങള്‍ വരുത്തേണ്ടി വന്നേക്കാം. വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നിവരില്‍ ആരെയാണ് മൂന്നാം നമ്പറിലേക്ക് ഉയര്‍ത്തുക എന്നത് രസകരമായ ഒരു തീരുമാനമായിരിക്കും.
ബംഗ്ലാദേശിനെതിരെ 2-0 ടെസ്റ്റ് പരമ്പര വിജയത്തിന് ശേഷമാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ (ഡബ്ല്യുടിസി) ന്യൂസിലന്‍ഡ് ഒരിക്കലും വിദേശത്ത് ടെസ്റ്റ് പരമ്പര നേടിയിട്ടില്ല എന്നത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം നല്‍കുന്നു.
എന്നാല്‍ മത്സരത്തിന്റെ അഞ്ച് ദിവസവും മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സരഫലം സംശയാസ്പദമാണ്. മഴയും മേഘാവൃതമായ കാലാവസ്ഥയും ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെയും ബാധിച്ചേക്കാം.