ഐപിഎല്ലിനേക്കാള്‍ സൂപ്പര്‍ പിഎസ്എല്‍, അണ്‍സോള്‍ഡ് ആയതിന് പിന്നാലെ ആഞ്ഞടിച്ച് സികന്ദര്‍ റാസ
ദുബായ്: സിംബാബ്വെ ഓള്‍റൗണ്ടര്‍ സികന്ദര്‍ റാസ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ തള്ളി രംഗത്തെത്തിയത് ചര്‍ച്ചയാകുന്നു. ഐപിഎല്‍ മെഗാ ലേലത്തില്‍ എടുക്കാചരക്ക് ആയതിന് പിന്നാലെയാണ് സിക്കന്ദര്‍ റാസ ഐപിഎല്ലിലുളള തന്റെ താല്‍പര്യം നഷ്ടപ്പെട്ടതായി പറഞ്ഞ് രംഗത്തെത്തിയത്.
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) ഐപിഎല്ലിനേക്കാള്‍ ആസ്വാദ്യകരമാണെന്ന് റാസ പറഞ്ഞു. 'എനിക്ക് പിഎസ്എല്‍ കൂടുതല്‍ ഇഷ്ടമാണ്. ആസ്വാദനത്തിന്റെ കാര്യത്തില്‍ പിഎസ്എല്‍ മികച്ചതാണ്' റാസ പറഞ്ഞു. ഐപിഎല്‍ 2025 ലേലത്തില്‍ വിറ്റുപോകാത്തതില്‍ നിരാശയില്ലെന്നും റാസ വ്യക്തമാക്കി.
'എനിക്ക് ശക്തമായ വിശ്വാസങ്ങളുണ്ട്. എന്ത് സംഭവിക്കണമെന്ന് വിധിക്കപ്പെട്ടിട്ടുണ്ടോ അത് സംഭവിക്കും. ക്രിക്കറ്റ് രംഗത്ത് നിങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുക. അന്താരാഷ്ട്ര തലത്തിലായാലും ഫ്രാഞ്ചൈസി തലത്തിലായാലും ടൂര്‍ണമെന്റില്‍ തിരഞ്ഞെടുക്കപ്പെടുന്നില്ലെങ്കില്‍ നിരാശപ്പെടരുത്. ഞാന്‍ തിരിച്ചുപോയി കഠിനാധ്വാനം ചെയ്യും. അടുത്ത ലേലത്തില്‍ എന്റെ പേര് ചേര്‍ക്കും. എന്ത് സംഭവിക്കുമെന്ന് നോക്കാം. എനിക്ക് നിരാശയില്ല' റാസ വിശദീകരിച്ചു.
നിലവില്‍ ഇന്റര്‍നാഷണല്‍ ലീഗ് ടി20യില്‍ (ILT20) ദുബായ് ക്യാപിറ്റല്‍സിനെ നയിക്കുകയാണ് റാസ. ടീമിനെ വിജയത്തിലേക്ക് നയിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ജനുവരി 13ന് ഷെയ്ഖ് സായിദ് സ്റ്റേഡിയത്തില്‍ എംഐ എമിറേറ്റ്സിനെതിരെയാണ് ക്യാപിറ്റല്‍സിന്റെ അടുത്ത മത്സരം.
ഡേവിഡ് വാര്‍ണര്‍, ജെയ്ക്ക് ഫ്രേസര്‍ മക്ഗര്‍ക്ക്, ദാസുന്‍ ഷാനക, ദുഷ്മന്ത ചമീര, റോവ്മാന്‍ പവല്‍, സാം ബില്ലിംഗ്‌സ്, ഒലിവര്‍ സ്റ്റോണ്‍, ഹൈദര്‍ അലി, രാജ അകിഫ്, സാഹിര്‍ ഖാന്‍ എന്നിവരും ദുബായ് ക്യാപിറ്റല്‍സ് ടീമിലുണ്ട്. പുതിയ താരങ്ങളായ ആദം റോസിംഗ്ടണ്‍, നജീബുള്ള സദ്രാന്‍, ഒബേദ് മക്കോയ്, സ്‌കോട്ട് കുഗ്ഗലിജ്ന്‍, ഷറഫുദ്ദീന്‍ അഷ്‌റഫ്, അര്യമാന്‍ വര്‍മ്മ തുടങ്ങിയവരും ടീമിന് കരുത്ത് പകരുന്നു.