സിറാജിനും ഹെഡിനും പണി വരുന്നുണ്ട്; വാക് പോരിൽ നിർണായക ഇടപെടലുമായി ഐസിസി;
അഡ്‌ലെയ്ഡ് ടെസ്റ്റിലെ സിറാജ് - ഹെഡ് വാക്‌പോരിൽ ഐസിസി ഇടപെടുന്നു. സംഭവത്തിൽ ഇരുവർക്കും ഐസിസി പിഴ ചുമത്താൻ സാധ്യതയുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ട്രാവിസ് ഹെഡിനെ പുറത്താക്കിയ ശേഷം മുഹമ്മദ് സിറാജ് നൽകിയ തീപ്പൊരി സെൻഡ് ഓഫാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഹെഡും സിറാജും തമ്മിൽ വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു.
ക്രിക്കറ്റിന്റെ മാന്യതക്ക് കളങ്കം വരുത്തുന്നതാണ് സംഭവമെന്ന് നിരീക്ഷിച്ച ഐസിസി ഇരുവരെയും കുറ്റക്കാരായി കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഇന്ന് നടക്കുന്ന അച്ചടക്ക ഹിയറിംഗിന് ശേഷം പിഴയുടെ തുക പ്രഖ്യാപിക്കും.
സംഭവം സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിവാദമായതോടെയാണ് ഐസിസിയുടെ ഇടപെടൽ. താരങ്ങളെ പിന്തുണച്ചും, വിമർശിച്ചും നിരവധി പേരാണ് രംഗത്തുവന്നത്. എന്നാൽ വിഷയത്തെ പറ്റി ഇരുവരും വ്യത്യസ്ത വാദങ്ങളാണ് ഉന്നയിച്ചത്.
ഹെഡ് പറഞ്ഞത്: "ഞാൻ സിറാജിനോട് 'വെൽ ബൗൾഡ്' എന്ന് പറഞ്ഞു. ഷെഡിലേക്ക് പോകാൻ അദ്ദേഹം ആംഗ്യം കാണിച്ചതിന് ശേഷം ഞാൻ തിരിച്ചും കുറച്ച് വാക്കുകൾ പറഞ്ഞു. അത് സംഭവിച്ച രീതിയിൽ ഞാൻ അൽപ്പം നിരാശനാണ്. അവർ അങ്ങനെ പ്രതികരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് അവരുടെ രീതിയാണെങ്കിൽ, അങ്ങനെയാകട്ടെ."
Advertisement
എന്നാൽ, ഹെഡിന്റെ ഈ വാദം സിറാജ് തള്ളിക്കളഞ്ഞു.
"അദ്ദേഹം കള്ളം പറയുകയാണ്. ഞാൻ ആദ്യം വിക്കറ്റ് ആഘോഷിക്കുക മാത്രമാണ് ചെയ്തത്. ഞാൻ അദ്ദേഹത്തോട് ഒന്നും പറഞ്ഞിരുന്നില്ല. വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത് ശരിയല്ല, അദ്ദേഹം എന്നോട് 'വെൽ ബൗൾഡ്' എന്ന് മാത്രമേ പറഞ്ഞുള്ളൂ എന്നത് പച്ചകള്ളമാണ്. അദ്ദേഹം എന്നോട് എന്താണ് പറഞ്ഞതെന്ന് എല്ലാവർക്കും കാണാൻ കഴിയും. ഞങ്ങൾ എല്ലാവരെയും ബഹുമാനിക്കുന്നു, മറ്റ് കളിക്കാരെ ഞങ്ങൾ അനാദരിക്കുന്നില്ല. ക്രിക്കറ്റ് ഒരു മാന്യന്മാരുടെ കളിയായതിനാൽ ഞാൻ എല്ലാവരെയും ബഹുമാനിക്കുന്നു, പക്ഷേ അദ്ദേഹം ചെയ്തത് ശരിയായില്ല. എനിക്ക് അത് ഇഷ്ടപ്പെട്ടില്ല" സിറാജ് പറഞ്ഞു.
ഹെഡ് പുറത്തായപ്പോൾ അഡ്‌ലെയ്ഡ് ആരാധകർ അദ്ദേഹത്തിന് എണീറ്റുനിന്ന് കരഘോഷം നൽകി. എന്നാൽ സിറാജിന്റെ സെൻഡ് ഓഫിൽ ക്രുദ്ധരായ ആരാധകർ അദ്ദേഹത്തെ കൂവിവിളിക്കുകയും ചെയ്തു.
മൂന്നാം ദിവസം സിറാജ് ബാറ്റിംഗിനിറങ്ങിയപ്പോൾ ഹെഡുമായി സംസാരിച്ചു സംഭവത്തിൽ വ്യക്തത വരുത്തി. മത്സരശേഷം ഇരുവരും കെട്ടിപ്പിടിച്ചു പിരിയുകയും ചെയ്തു.