അക്തറിനെയും ഞെട്ടിക്കുന്ന സ്പീഡിൽ ഡിഎസ്പി സിറാജിന്റെ തീയുണ്ട; ചെറിയൊരു ട്വിസ്റ്റ് ഉണ്ടെന്ന് മാത്രം
അഡ്‌ലെയ്ഡ് ഓവലിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ ഒരു പന്ത് അതിശയകരമായ വേഗത്തിലെത്തിയതായി ഗ്രൗണ്ടിലെ സ്പീഡ് ഗൺ രേഖപ്പെടുത്തി. പന്ത് 181.6 കിലോമീറ്റർ വേഗത്തിലാണ് എറിഞ്ഞത് എന്നാണ് സ്പീഡ് ഗൺ രേഖപ്പെടുത്തിയത്. എന്നാൽ ഇത് സ്പീഡ് ഗണ്ണിലെ തകരാർ മൂലം സംഭവിച്ചതാണെന്ന് പിന്നീട് വ്യക്തമായി.
അഡ്ലൈഡ് ടെസ്റ്റിന്റെ ആദ്യ ദിവസം അവസാന സെഷനിലാണ് ഈ രസകരമായ സംഭവം ഉണ്ടായത്. സിറാജ് പന്തെറിയാൻ ഓടിയടുത്തപ്പോൾ സ്പീഡ് ഗൺ 181.6 kmp/h വേഗത കാണിച്ചു. നിലവിലെ ബൗളിംഗ് വേഗത റെക്കോർഡിനേക്കാൾ 20 kmp/h കൂടുതലാണിത്. ഈ വ്യക്തമായ പിഴവ് ആരാധകരെ അമ്പരപ്പിച്ചു.
സോഷ്യൽ മീഡിയയിൽ ഈ സംഭവം വലിയ ചർച്ചയായി. സിറാജിന്റെ പന്തിന്റെ വേഗതയും സ്പീഡ് ഗണ്ണിൽ കാണിച്ച വേഗതയും തമ്മിലുള്ള വ്യത്യാസം ആരാധകർ ചൂണ്ടിക്കാണിച്ചു.
മാർനസ് ലബുഷെയ്‌നുമായുള്ള സിറാജിന്റെ ഏറ്റുമുട്ടലും അതേ ഓവറിലാണ് സംഭവിച്ചത്. സിറാജ് പന്തെറിയാൻ തയ്യാറെടുക്കുമ്പോൾ ലബുഷെയ്ൻ ക്രീസിൽ നിന്ന് പിന്മാറിയത് സിറാജിനെ പ്രകോപിപ്പിച്ചു. നിരാശയിൽ സിറാജ് പന്ത് സ്റ്റമ്പിലേക്ക് എറിയുകയും, ലബുഷെയ്‌നോട് രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു.
ഒരു ആരാധകൻ ബിയർ ഗ്ലാസുകൾ കൈയിൽ പിടിച്ച് സൈറ്റ് സ്ക്രീനിന് മുന്നിലൂടെ ഓടിയതാണ് ലബുഷെയ്ൻ ക്രീസിൽ നിന്ന് പിന്മാറാൻ കാരണമെന്ന് റീപ്ലേകൾ വ്യക്തമാക്കി.
ആദ്യ ദിനം ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്ത മിച്ചൽ സ്റ്റാർക്ക് 48 റൺസിന് 6 വിക്കറ്റുകൾ വീഴ്ത്തി. നിതീഷ് കുമാർ റെഡ്ഡി (42) മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ഓസ്ട്രേലിയയുടെ മറുപടി ബാറ്റിങ്ങിൽ, ഉസ്മാൻ ഖവാജയെയും (13), നഥാൻ മക്സ്വീനിയെയും (39), സ്റ്റീവ് സ്മിത്തിനെയും (2) ബുംറ പുറത്താക്കി. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് മാർനസ് ലബുഷെയ്ൻ (26), ട്രാവിസ് ഹെഡ് എന്നിവർ ബാറ്റിങ് തുടരുന്നു.