ഹൃദയം തകര്‍ന്ന് സിറാജ്, 'താങ്കളില്ലാത്ത ഡ്രസ്സിംഗ് റൂം ശൂന്യമാകും'
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും ലോകോത്തര ബാറ്റ്‌സ്മാനുമായ വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിച്ചതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. കോഹ്ലിയുടെ വിരമിക്കല്‍ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ, സഹതാരങ്ങളും ആരാധകരും ഒരുപോലെ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് സ്‌നേഹവും ആദരവും നിറഞ്ഞ യാത്രാമൊഴികള്‍ നേരുകയാണ്.
കോഹ്ലിയുടെ ഉറ്റ സുഹൃത്തും സഹതാരവുമായ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജ് തന്റെ 'സൂപ്പര്‍ ഹീറോ'യ്ക്കായി ഹൃദയസ്പര്‍ശിയായ വാക്കുകള്‍ കുറിച്ച് രംഗത്തെത്തി. 2019ല്‍ കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സിറാജ്, കോഹ്ലിയുടെ കീഴില്‍ എട്ട് ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 2021ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയുടെ ചരിത്ര വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് സിറാജ്. ലോര്‍ഡ്‌സിലെ ഐതിഹാസിക വിജയം സിറാജിന്റെ കരിയറിലെ പ്രധാന ഏടുകളിലൊന്നാണ്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു വൈകാരികമായ പോസ്റ്റില്‍, തന്റെ കരിയറില്‍ ഉടനീളം പിന്തുണച്ച കോഹ്ലിക്ക് സിറാജ് നന്ദി അറിയിച്ചു. കോഹ്ലിയില്ലാത്ത ഡ്രസ്സിംഗ് റൂം ശൂന്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോര്‍ഡ്‌സിലെ വിജയമുള്‍പ്പെടെയുള്ള ഓര്‍മ്മിക്കപ്പെടുന്ന മത്സരങ്ങളിലെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സിറാജ് ഇങ്ങനെ കുറിച്ചു:
'എന്റെ സൂപ്പര്‍ ഹീറോയ്ക്ക്, ടെസ്റ്റ് ക്രിക്കറ്റില്‍ താങ്കള്‍ കാഴ്ചവെച്ച അത്ഭുതകരമായ കരിയറിന് അഭിനന്ദനങ്ങള്‍. താങ്കളുടെ പൈതൃകം എക്കാലവും നിലനില്‍ക്കും. എന്നെപ്പോലെയുള്ള തലമുറകള്‍ക്ക് താങ്കള്‍ പ്രചോദനമായിട്ടുണ്ട്, ഇനിയും താങ്കളുടെ നേട്ടങ്ങളിലൂടെയും പെരുമാറ്റത്തിലൂടെയും പ്രചോദനം നല്‍കും, ഭയ്യാ. താങ്കളില്ലാത്ത ഡ്രസ്സിംഗ് റൂം പഴയപോലെയുണ്ടാകില്ല. എപ്പോഴും എന്നെ പിന്തുണച്ചതിനും മികച്ച പ്രകടനം നടത്താന്‍ പ്രോത്സാഹിപ്പിച്ചതിനും നന്ദി. എല്ലാ ആശംസകളും, കിംഗ് കോഹ്ലി ഭയ്യാ.'
ബോളിവുഡ് നടിയും കോഹ്ലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ്മ സിറാജിന്റെ ഈ പോസ്റ്റിന് ഹൃദയസ്പര്‍ശിയായ ഒരു ഇമോജിയോടെ പ്രതികരിച്ചു.
കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേടിയ ഏറ്റവും മികച്ച വിദേശ വിജയങ്ങളിലൊന്നായിരുന്നു 2021ലെ ലോര്‍ഡ്‌സ് ടെസ്റ്റ്. മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജ്, അവസാന ദിനം നടത്തിയ തീപ്പൊരി ബൗളിംഗ് പ്രകടനം ഒരിക്കലും മറക്കാനാവാത്തതാണ്.
മറ്റൊരു ഇന്ത്യന്‍ പേസ് ബൗളറായ മുഹമ്മദ് ഷമിയും വിരാട് കോഹ്ലിക്ക് ആദരവ് അര്‍പ്പിച്ചു.
'വിരാട്, താങ്കള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മായാത്ത ഒരടയാളം പതിപ്പിച്ചു. താങ്കളുടെ ആവേശം പകരുന്നതായിരുന്നു, പോരാട്ടവീര്യം കെട്ടടങ്ങാത്തതായിരുന്നു, താങ്കളുടെ പൈതൃകം തലമുറകള്‍ക്ക് പ്രചോദനമാകും. എല്ലാത്തിനും നന്ദി. സന്തോഷകരമായ വിരമിക്കല്‍ ആശംസിക്കുന്നു, ഇതിഹാസമേ' ഷമി കുറിച്ചു.
കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച പേസ് ബൗളര്‍ ഷമിയാണ്. 2014 മുതല്‍ 2022 വരെ 46 മത്സരങ്ങളിലാണ് ഷമി കളിച്ചത്.
123 ടെസ്റ്റുകളില്‍ നിന്ന് 30 സെഞ്ചുറികളടക്കം 9230 റണ്‍സാണ് വിരാട് കോഹ്ലി ടെസ്റ്റ് കരിയറില്‍ നേടിയത്. ക്യാപ്റ്റനായിരിക്കെ 54.80 ശരാശരിയില്‍ 5864 റണ്‍സും അദ്ദേഹം സ്വന്തമാക്കി.