ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: രോഹിത്ത് പിന്മാറുന്നു?
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യില്ല. എന്നിരുന്നാലും, നവംബര്‍ 22 ന് പെര്‍ത്തില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റുകളില്‍ ആദ്യത്തേതില്‍ 37 കാരനായ രോഹിത് കളിക്കാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
'അതെ, രോഹിത് ടീമിനൊപ്പം യാത്ര ചെയ്യുന്നില്ല, പക്ഷേ ആദ്യ ടെസ്റ്റില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിട്ടില്ല. മൂന്നാം വാരാന്ത്യത്തില്‍ ആദ്യ ടെസ്റ്റിന് അടുത്ത് അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് പറക്കാനിടയുണ്ട്' ബിസിസിഐയിലെ ഒരു ഉറവിടം ഞായറാഴ്ച ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ടീം ഇന്ത്യ ഞായറാഴ്ചയും തിങ്കളാഴ്ചയും രണ്ട് ബാച്ചുകളായി ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമായ പരമ്പരയാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനല്‍ കളിക്കുമോയെന്ന്് ഈ പരമ്പര തീരുമാനിക്കും.
നേരത്തെ, വ്യക്തിപരമായ കാരണങ്ങളാല്‍ പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് നഷ്ടപ്പെടുത്തുമെന്ന് രോഹിത് സൂചന നല്‍കിയിരുന്നു. രോഹിത് ആദ്യ ടെസ്റ്റ് നഷ്ടപ്പെടുത്തിയാല്‍, മുന്‍നിര പേസര്‍ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും.