ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ശ്രീലങ്ക, ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് തൊട്ടുമുമ്പ് ഷോക്കേറ്റ് കങ്കാരുക്കള്‍
ലോക ജേതാക്കളായ ഓസ്ട്രേലിയക്ക് ചാമ്പ്യന്‍സ് ട്രോഫിക്ക് ഒരാഴ്ച മാത്രം ശേഷിക്കെ വന്‍ തിരിച്ചടി. ശ്രീലങ്കക്കെതിരായ ഒന്നാം ഏകദിനത്തില്‍ 49 റണ്‍സിന്റെ അപ്രതീക്ഷിത തോല്‍വിയാണ് ഓസീസ് ഏറ്റുവാങ്ങിയത്. പ്രധാന കളിക്കാര്‍ ഇല്ലാതെ ഇറങ്ങിയ ഓസ്ട്രേലിയന്‍ നിരയ്ക്ക് ശ്രീലങ്ക ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാനായില്ല.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ക്യാപ്റ്റന്‍ ചരിത് അസലങ്കയുടെ (127) സെഞ്ച്വറിയുടെ മികവില്‍ വെറും 214 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയന്‍ വെല്ലുവിളി വെരും 165 റണ്‍സിലൊതുങ്ങി.
മറ്റു മൂന്ന് ലങ്കന്‍ ബാറ്റ്‌സ്മാന്മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഓപ്പണര്‍മാരായ പാത്തും നിസ്സങ്ക (4), അവിഷ്‌ക ഫെര്‍ണാണ്ടോ (1) എന്നിവര്‍ നിരാശപ്പെടുത്തി. ഓസീസിനായി സീന്‍ ആബട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി.
215 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയന്‍ നിരയില്‍ അലക്സ് കാരി (41) മാത്രമാണ് ടോപ് സ്‌കോറര്‍. ആരോണ്‍ ഹാര്‍ഡി 31 റണ്‍സെടുത്തു. മറ്റ് പ്രമുഖ താരങ്ങളായ മാത്യു ഷോര്‍ട്ട് (0), ജേക്ക് ഫ്രേസര്‍-മക്ഗര്‍ക്ക് (2), കൂപ്പര്‍ കോനോലി (3), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (12), മാര്‍നസ് ലാബുഷെയ്ന്‍ (15) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷണ നാല് വിക്കറ്റ് നേടി.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഓസ്ട്രേലിയക്ക് നിരവധി പരിക്കുകള്‍ തിരിച്ചടിയായിരുന്നു. നായകന്‍ പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് ഉള്‍പ്പെടെയുള്ള മുന്‍നിര പേസര്‍മാര്‍ പരിക്കുമൂലം പുറത്തായത് ടീമിന് കനത്ത ആഘാതമായി.