സെഞ്ച്വറി മാജിക്കുമായി മെന്‍ഡിസും ഫെര്‍ണാണ്ടോയും, ലങ്കയ്ക്ക് ഗംഭീര ജയം
ന്യൂസിലന്‍ഡിനെതിരെ ആദ്യ ഏകദിനത്തില്‍ തകര്‍പ്പന്‍ ജയവുമായി ശ്രീലങ്ക. ഓപ്പണര്‍മാരായ കുശാല്‍ മെന്‍ഡിസും അവിഷ്‌ക ഫെര്‍ണാണ്ടോയും നേടിയ ഗംഭീര സെഞ്ച്വറികളുടെ പിന്‍ബലത്തിലാണ് ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ശ്രീലങ്ക ജയിച്ച് കയറിയത്.
45 റണ്‍സിന്റെ അനായാസ വിജയം ആണ് ശ്രീലങ്ക സ്വന്തമാക്കിയത്. നിശ്ചിത ഓവര്‍ അവസാനിക്കാന്‍ നാല് പന്തുകള്‍ ബാക്കിയുള്ളപ്പോഴാണ് കളിമുടക്കി മഴയെത്തുന്നത്. മത്സരം താത്ക്കാലികമായി നിര്‍ത്തിവെക്കുമ്പോള്‍ 49.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 324 റണ്‍സായിരുന്നു ലങ്ക നേടിയത്.
മറുപടി ബാറ്റിങ്ങില്‍ ഡിഎല്‍എസ് നിയമപ്രകാരം 27 ഓവറില്‍ 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ
മെന്‍ഡിസും (143) ഫെര്‍ണാണ്ടോയും (100) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 206 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതാണ് ശ്രീലങ്കയുടെ വിജയത്തില്‍ നിര്‍ണായകമായത്. ന്യൂസിലാന്‍ഡിനായി വില്ലി യങ് (48) മാത്രമാണ് ചെറുത്തുനില്‍പ്പ് നടത്തിയത്.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ശ്രീലങ്ക 1-0 ന് മുന്നിലെത്തി.