‘തോൽവികൾ തളർത്തി, തിളച്ചു മറിയുകയായിരുന്നു മനസ്;’ തുറന്ന് പറഞ്ഞു സഞ്ജു സാംസൺ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിൽ അത്യുഗ്രൻ പ്രകടനം കാഴ്ചവെച്ച ശേഷം ജീവിതത്തിലെ മോശം സമയത്തെ കുറിച്ച് മനസുതുറന്ന് സഞ്ജു സാംസൺ. ജീവിതത്തിൽ നിരവധി പരാജയങ്ങൾ താൻ നേരിട്ടിട്ടുണ്ടെന്നും, അതിനാൽ തന്നെ പ്രോട്ടീസിനെതിരായ സെഞ്ച്വറി തനിക്കേറെ പ്രത്യേകതകൾ ഉള്ളതാണെന്നും സഞ്ജു പറഞ്ഞു. 56 പന്തിൽ നിന്ന് പുറത്താകാതെ 109 റൺസാണ് സഞ്ജു നേടിയത്. 6 ഫോറുകളും 9 സിക്സറുകളും ഇന്നിംഗ്‌സിൽ ഉൾപ്പെട്ടിരുന്നു
ഇന്നിംഗ്‌സ് ബ്രേക്കിൽ സംസാരിക്കവെ, തന്നിൽത്തന്നെ വിശ്വസിക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്തതിന്റെ ഫലമാണ് ഇന്നത്തെ പ്രകടനമെന്ന് സഞ്ജു പറഞ്ഞു. മത്സരത്തിന് മുമ്പ് തന്റെ മനസ്സിൽ നിരവധി കാര്യങ്ങൾ തിളച്ചുമറിഞ്ഞിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. ജോഹന്നാസ്ബർഗിൽ നടന്ന മത്സരത്തിൽ അഭിഷേക് ശർമ്മയും തിലക് വർമ്മയും തന്നെ വളരെയധികം സഹായിച്ചുവെന്ന് സഞ്ജു കൂട്ടിച്ചേർത്തു.
"ഇപ്പോൾ പറയാൻ പ്രയാസമാണ് (കിതച്ചു കൊണ്ട്). എന്റെ ജീവിതത്തിൽ ഞാൻ നിരവധി പരാജയങ്ങൾ നേരിട്ടിട്ടുണ്ട്, രണ്ട് സെഞ്ച്വറികൾ നേടിയ ശേഷം രണ്ട് ഡക്കുകൾ, ഞാൻ എന്നിൽത്തന്നെ വിശ്വസിച്ചു, കഠിനാധ്വാനം ചെയ്തു, അത് ഇന്ന് ഫലം കണ്ടു. രണ്ട് തുടർ പരാജയങ്ങൾക്ക് ശേഷം, എന്റെ മനസ്സിൽ നിരവധി കാര്യങ്ങൾ തിളച്ചുമറിയുന്നുണ്ടായിരുന്നു, അഭിഷേക് തുടക്കത്തിൽ എന്നെ സഹായിച്ചു, പിന്നീട് തിലകും," സഞ്ജു പറഞ്ഞു.
ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ഈ തീരുമാനം സാധൂകരിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ യുവതാരങ്ങൾ ഇന്നിങ്‌സിലുടനീളം ബാറ്റ് വീശിയത്.
സഞ്ജു സാംസണും അഭിഷേക് ശർമ്മയും ചേർന്ന് ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 73 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. 2 ഫോറുകളും 4 സിക്സറുകളും അടക്കം മികച്ച പ്രകടനം കാഴ്ചവെച്ച അഭിഷേകിന്റെ ഇന്നിംഗ്‌സ് ആറാം ഓവറിൽ ലുതോ സിപാംല അവസാനിപ്പിച്ചു.
എന്നാൽ, ഈ വിക്കറ്റിന്റെ നേട്ടം പ്രോട്ടീസിന് മുതലാക്കാൻ കഴിഞ്ഞില്ല, തിലക് വർമ്മയുമായി ചേർന്ന് സഞ്ജു ആധിപത്യം തുടർന്നു. ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് ഒരുഘട്ടത്തിലും ഈ ആക്രമണം തടയാൻ കഴിഞ്ഞില്ല.
ഡെത്ത് ഓവറുകളിലേക്ക് കടന്നപ്പോഴും, കൂട്ടുകെട്ട് മന്ദഗതിയിലായില്ല. ആരാവും ആദ്യം സെഞ്ചുറി തികക്കുക എന്നാണ് മത്സരം എന്നുപോലും ഒരുഘട്ടത്തിൽ തോന്നിപ്പോയി. 18-ാം ഓവറിൽ, സഞ്ജു സാംസൺ വെറും 51 പന്തിൽ നിന്ന് സെഞ്ച്വറി നേടി, തൊട്ടടുത്ത ഓവറിൽ തിലക് വർമ്മയും തന്റെ രണ്ടാമത്തെ ടി20 സെഞ്ച്വറി നേടി.
സാംസണും തിലകും തമ്മിലുള്ള 210 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് ഇന്ത്യയെ 283/1 എന്ന ഹിമാലയൻ സ്കോറിലെത്തിച്ചു. 51 പന്തിൽ നിന്ന് 109 റൺസാണ് സാംസൺ നേടിയത്, തിലക് 47 പന്തിൽ നിന്ന് പുറത്താകാതെ 120 റൺസ് നേടി.
ദക്ഷിണാഫ്രിക്കൻ ബൗളിംഗ് നിരാശാജനകമായിരുന്നു, ഏക വിക്കറ്റ് നേടിയ സിപാംലയാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയതും.