സഞ്ജു വസന്തത്തിന്റെ ഇടിമുഴക്കം, തിരിച്ചുവരവ് അത്ഭുതകരം, തുറന്നടിച്ച് ഇന്ത്യന്‍ താരം
എഴുതിത്തള്ളപ്പെട്ടിടത്ത് നിന്ന് ഗംഭീര തിരിച്ചുവരവ് നടത്തിയ മലയാളി താരം സഞ്ജു സാംസണിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. സഞ്ജുവിന്റെ കടുത്ത ആരാധകനാണിപ്പോള്‍ താനെന്നാണ് മഞ്ജരേക്കര്‍ തുറന്ന് പറഞ്ഞത്.
സഞ്ജുവിന്റെ ബാറ്റിങ്ങില്‍ വലിയ മാറ്റങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മഞ്ജരേക്കര്‍, ചാമ്പ്യന്‍സ് ട്രോഫിയില്‍ സഞ്ജു സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.
'ആത്മവിശ്വാസത്തോടെയും പക്വതയോടെയുമാണ് സഞ്ജു ഇപ്പോള്‍ ബാറ്റുവീശുന്നത്. മാത്രമല്ല സഞ്ജു ഇപ്പോള്‍ തന്റെ വിക്കറ്റിന് കൂടുതല്‍ മൂല്യവും കല്‍പ്പിക്കുന്നുണ്ട്. ചില വസന്തങ്ങള്‍ വൈകി പൂവിടാറുള്ളതുപോലെ ചിലയാളുകള്‍ കരിയറില്‍ അല്‍പ്പം വൈകി ശോഭിക്കുന്നവരാണ്. സഞ്ജുവിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്' മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.
'മുമ്പ് പലപ്പോഴും നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് തോന്നിപ്പിച്ചിരുന്നെങ്കിലും മതിയായ റണ്‍സ് സഞ്ജുവിന് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതില്‍ മാറ്റം വന്നു കഴിഞ്ഞു. സഞ്ജുവിന്റെ ബാറ്റിങ് ഇപ്പോള്‍ ശക്തമാണ്. നന്നായി ബാറ്റ് ചെയ്യുന്നതിനൊപ്പം റണ്‍സും കണ്ടെത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നുണ്ട്' മഞ്ജരേക്കര്‍ പറഞ്ഞു.
മുമ്പ് മികച്ച പ്രകടനം നടത്തിയിട്ടും റണ്‍സ് നേടാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ അതില്‍ മാറ്റം വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ റിഷഭ് പന്തിനേക്കാള്‍ സഞ്ജുവാണ് ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നതെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.