ബിസിസിഐയുടെ വെറുക്കപ്പെട്ടവരുടെ പട്ടിക, സഞ്ജുവിന് പിന്നാലെ സര്‍ഫറാസ് ഖാനും, ആഞ്ഞടിച്ച് ഇന്ത്യന്‍ താരം
ഇന്ത്യന്‍ ക്രിക്കറ്റില്‍ സെലക്ഷന്‍ വിവാദങ്ങള്‍ ഒരു പുത്തരിയല്ല. സഞ്ജു സാംസണെ ടീമില്‍ നിന്ന് സ്ഥിരമായി തഴയുന്നു എന്ന പരാതി ആരാധകര്‍ക്കിടയില്‍ സജീവമായിരിക്കെ, ആഭ്യന്തര ക്രിക്കറ്റിലെ റണ്‍ മെഷീന്‍ എന്നറിയപ്പെടുന്ന സര്‍ഫറാസ് ഖാന്റെ കാര്യത്തിലും സമാനമായ പരാതി ഉയരുന്നത്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സര്‍ഫറാസ് ഖാനെ ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ സംവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടും ഈ 27-കാരനായ മുംബൈ ബാറ്റര്‍ക്ക് നേരെ സെലക്ടര്‍മാര്‍ കണ്ണടയ്ക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ശക്തമായി ഉന്നയിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.
ആഭ്യന്തര ക്രിക്കറ്റിലെ 'റണ്‍ മെഷീന്‍' ടീമിന് പുറത്ത്
ആഭ്യന്തര ക്രിക്കറ്റില്‍ സമീപകാലത്തെ ഏറ്റവും മികച്ച റെക്കോര്‍ഡുകളുള്ള താരങ്ങളില്‍ ഒരാളാണ് സര്‍ഫറാസ് ഖാന്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യ എ ടീമിനായി ന്യൂസിലന്‍ഡിനെതിരെ 150 റണ്‍സ് നേടിയ പ്രകടനം അദ്ദേഹത്തിന്റെ പ്രതിഭയുടെ വലിയ ഉദാഹരണമായിരുന്നു. അതിനുശേഷം ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഒരു മത്സരം പോലും കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. അടുത്തിടെ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്ന സര്‍ഫറാസ്, കാന്റര്‍ബറിയില്‍ നടന്ന മത്സരത്തില്‍ 92 റണ്‍സ് നേടി വീണ്ടും തന്റെ മികവ് തെളിയിച്ചിരുന്നു. ഇത്രയൊക്കെ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള വഴി അദ്ദേഹത്തിന് മുന്നില്‍ അടഞ്ഞുതന്നെ കിടക്കുകയാണ്.
എന്താണ് സര്‍ഫറാസ് ചെയ്ത തെറ്റ്? ചോപ്രയുടെ മൂര്‍ച്ചയേറിയ വാക്കുകള്‍
സര്‍ഫറാസിന്റെ അഭാവത്തെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലില്‍ ആകാശ് ചോപ്ര രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. 'സര്‍ഫറാസ് ഖാന്‍ എന്ത് തെറ്റാണ് ചെയ്തത്? കളിക്കാന്‍ അവസരം കിട്ടിയ ഒരേയൊരു മത്സരത്തില്‍ അദ്ദേഹം 90-ല്‍ അധികം റണ്‍സ് നേടി. സെഞ്ച്വറി നേടാനായില്ല എന്നതു ശരി, പക്ഷേ റണ്‍സ് സ്‌കോര്‍ ചെയ്തു. എന്നാല്‍ അതിന് ശേഷം അടുത്ത മത്സരത്തില്‍ അവസരം നല്‍കിയില്ല, ഇപ്പോള്‍ ടീമില്‍ നിന്നുതന്നെ പുറത്തായിരിക്കുന്നു,' ചോപ്ര ചൂണ്ടിക്കാട്ടി.
'അവന്റെ ടെക്‌നിക്കിലോ കളി ശൈലിയിലോ നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍, വിദേശ പിച്ചുകളില്‍ റണ്‍സ് നേടാന്‍ കഴിയില്ലെന്ന് മുന്‍കൂട്ടി ഉറപ്പിച്ചിട്ടുണ്ടെങ്കില്‍, പിന്നെന്തിന് ഇന്ത്യ എ ടീമിന്റെ കൂടെ പര്യടനങ്ങള്‍ക്ക് അയക്കണം? അതൊരു മുന്‍വിധിയോടെയുള്ള സമീപനമാണ്. ഇനി, അവന് റണ്‍സ് നേടാന്‍ കഴിയുമെന്ന് നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍, അതുകൊണ്ടാണല്ലോ ഇന്ത്യ എ ടീമില്‍ എടുത്തത്, എങ്കില്‍ പിന്നെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലും അവസരം നല്‍കണം,' ചോപ്ര പറഞ്ഞു.
തന്നോട് എന്തോ അനീതി നടക്കുന്നുണ്ടെന്ന് സര്‍ഫറാസ് ഖാന് തോന്നുന്നത് സ്വാഭാവികമാണെന്നും, ഇത് വളരെ ദുഃഖകരമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെലക്ടര്‍മാരുടെ വിചിത്ര ന്യായം
ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ടീമിലേക്ക് തിരിച്ചെത്തിയ കരുണ്‍ നായരെയാണ് സര്‍ഫറാസിന് പകരമായി ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇതിനെക്കുറിച്ച് ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നല്‍കിയ വിശദീകരണം ഏറെ വിചിത്രമായിരുന്നു.
'ചില സമയങ്ങളില്‍ നമ്മള്‍ക്ക് നല്ല തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. സര്‍ഫറാസ് ആദ്യ ടെസ്റ്റില്‍ (ന്യൂസിലന്‍ഡിനെതിരെ) സെഞ്ച്വറി നേടിയെന്നും പിന്നീട് റണ്‍സ് കണ്ടെത്താനായില്ലെന്നും എനിക്കറിയാം. ചിലപ്പോള്‍ ടീം മാനേജ്മെന്റ് എടുക്കുന്ന തീരുമാനങ്ങളാണിവ. ഇത് ഒരാളോട് ചെയ്യുന്ന നീതിയാണോ അനീതിയാണോ എന്നതിലുപരി, ടീമിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുന്നത്,' എന്നായിരുന്നു അഗാര്‍ക്കറുടെ വാക്കുകള്‍.
ടീമിന്റെ താല്‍പ്പര്യം എന്ന സ്ഥിരം പല്ലവിയില്‍ ഒതുക്കി, ഒരു യുവതാരത്തിന്റെ കരിയറിലെ നിര്‍ണായക അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിന്റെ വ്യക്തമായ കാരണം നല്‍കാന്‍ സെലക്ഷന്‍ കമ്മിറ്റിക്ക് കഴിയുന്നില്ല എന്നത് നിരാശാജനകമാണ്. സര്‍ഫറാസ് ഖാന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം.