ദക്ഷിണാഫ്രിക്കയുടെ കൂറ്റന്‍ ജയം, ഡബ്യുടിസി പോയന്റ് ടേബിളില്‍ അവിശ്വസനീയ മാറ്റങ്ങള്‍
ഡര്‍ബന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയെ 233 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക തകര്‍പ്പന്‍ വിജയം ആണ് സ്വന്തമാക്കിയത്. 516 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് ദിനേശ് ചണ്ഡിമലിന്റെ (83), ധനഞ്ജയ ഡി സില്‍വയുടെ (59), കുശാല്‍ മെന്‍ഡിസിന്റെ (58) ചെറുത്ത് നില്‍പ്പ് വിജയിക്കാന്‍ മതിയായില്ല.
ഇതോടെ റണ്‍സിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ഇതുവരെയുള്ള രണ്ടാമത്തെ വലിയ വിജയമാണിത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 191, 366-5, ശ്രീലങ്ക 42, 282.
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മാര്‍ക്കോ യാന്‍സെന്‍ നാല് വിക്കറ്റുകളും റബാഡ, കോട്‌സി, മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ യാന്‍സെന്‍ മത്സരത്തില്‍ ആകെ 86 റണ്‍സ് വഴങ്ങി 11 വിക്കറ്റുകള്‍ നേടി.
ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഓസ്‌ട്രേലിയയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്.
അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റ് ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഒരുപോലെ നിര്‍ണായകമാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ തോറ്റ ഓസ്‌ട്രേലിയക്ക് രണ്ടാം ടെസ്റ്റിലും തോറ്റാല്‍ വലിയ തിരിച്ചടിയാകും. അഡ്‌ലെയ്ഡില്‍ തോറ്റാല്‍ ഇന്ത്യയ്ക്കും നിലവിലെ ഒന്നാം സ്ഥാനം നഷ്ടമാകും.