അവനാണ് എല്ലാത്തിനും കാരണം, സഞ്ജുവിനെ പൂട്ടാന്‍ ഇനി പ്രത്യേക പദ്ധതി, തുറന്നടിച്ച് മാര്‍ക്രം
ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും സെഞ്ച്വറി നേടിയ സഞ്ജു സാംസണെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം രംഗത്ത്. സഞ്ജുവിന്റെ പ്രകടനമാണ് തങ്ങളുടെ പരാജയത്തിന് കാരണമെന്ന് മാര്‍ക്രം സമ്മതിച്ചു.
'സഞ്ജു ഞങ്ങളുടെ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി. ഏത് പന്തിനും സഞ്ജുവിന്റെ കയ്യില്‍ മറുപടിയുണ്ടായിരുന്നു. അവനെ നേരിടാന്‍ പ്രത്യേക പദ്ധതികള്‍ ആവശ്യമാണ്. വരും മത്സരങ്ങളില്‍ അതിന് തയ്യാറാകും' മാര്‍ക്രം പറഞ്ഞു.
ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ച്വറിയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും സെഞ്ച്വറി നേടിയതോടെ ടി20യില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സഞ്ജു സ്വന്തമാക്കി. ഡര്‍ബനില്‍ നടന്ന മത്സരത്തില്‍ വെറും 47 പന്തിലാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്. 107 റണ്‍സ് നേടിയ സഞ്ജുവിന്റെ ഇന്നിംഗ്സില്‍ 10 സിക്‌സറുകളും 7 ഫോറുകളും ഉള്‍പ്പെട്ടിരുന്നു.
സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന്റെ ജയം നേടി. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.5 ഓവറില്‍ 141 റണ്‍സിന് ഓള്‍ ഔട്ടായി. രവി ബിഷ്ണോയിയും വരുണ്‍ ചക്രവര്‍ത്തിയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ ആവേഷ് ഖാന്‍ രണ്ട് വിക്കറ്റ് നേടി.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും പേസര്‍മാര്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് ഈ പ്രതീക്ഷകള്‍ തകിടം മറിച്ചു.