സെഞ്ച്വറിയുമായി ഗര്‍ജിച്ച് സഞ്ജുവിന്റെ ഒറ്റക്കൊരു പോരാട്ടം, ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മലയാളി താരം സഞ്ജു സാംസണ്‍ നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് നേടിയത്.
സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയതാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്്. 50 പന്തില്‍ ഏഴ് ഫോറും 10 കൂറ്റന്‍ സിക്‌സും സഹിതം 107 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. 214 പ്രഹര ശേഷിയിലായിരുന്നു സഞ്ജുവിന്റെ ബാറ്റിംഗ്.
ഇതാദ്യമായാണ് ഒരു ഇന്ത്യ താരം ടി20യില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി കള്‍ നേടുന്നത്. നേരത്തെ ബംഗ്ലാദേശിനെതിരേയും സഞ്ജു സെഞ്ച്വറി നേടിയിരുന്നു.
സഞ്ജുവിനെ കൂടാതെ തിലക് വര്‍മ്മ 18 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 33 റണ്‍സും സൂര്യകുമാര്‍ യാദവ് 17 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 21 റണ്‍സും നേടി.
അഭിഷേക് വര്‍മ്മ (7), ഹാര്‍ദ്ദിക്ക് പാണ്ഡ്യ (2), റിങ്കു സിംഗ് (11), അക്‌സര്‍ പട്ടേല്‍ (7), രവി ബിഷ്‌ണോയ് (1) എന്നിവര്‍ക്ക് കാര്യമായ പ്രകടനം കാഴ്ച്ചവെക്കാനായില്ല. അര്‍ഷദീപ് സിംഗ് അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍ഡ് കോഡ് സി നാല് ഓവറില്‍ 37 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മാര്‍ക്കോ ജാന്‍സണ്‍, കേശവ് മഹാരാജ്, പീറ്റര്‍ , ക്രൂഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.