കളിക്കുന്നത് ഡബ്യുടിസി ഫൈനല്‍ ലക്ഷ്യമിട്ട് തന്നെ, വമ്പന്‍ പ്രഖ്യാപനവുമായി ബാവുമ
ലോര്‍ഡ്സില്‍ അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണാഫ്രിക്കന്‍ ടീം മുന്നേറുന്നതെന്ന് ക്യാപ്റ്റന്‍ ടെമ്പ ബാവുമ പറഞ്ഞു. നിലവിലെ ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ 63.33 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്താണ്.
ഡിസംബര്‍ 26ന് സെഞ്ചൂറിയനില്‍ ആരംഭിക്കുന്ന പാകിസ്ഥാനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്നത്. ഈ പരമ്പരയിലെ ഒരു മത്സരം ജയിച്ചാല്‍ ഫൈനല്‍ ഉറപ്പിക്കാം.
'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റെഡ്-ബോള്‍ കളിക്കാരുടെ ലോകകപ്പാണ്. ഫൈനലില്‍ കളിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,' ബാവുമ പറഞ്ഞു.
നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ (58.89 പോയിന്റ്), രണ്ട് തവണ റണ്ണേഴ്സ് അപ്പ് ആയ ഇന്ത്യ (55.88 പോയിന്റ്) എന്നിവരാണ് ഫൈനലിനായി മത്സരിക്കുന്ന മറ്റ് ടീമുകള്‍.
ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചും ബാവുമ സംസാരിച്ചു. 'ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഞങ്ങള്‍ എപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. കഠിനമായ സാഹചര്യങ്ങളില്‍ വിജയിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റാണ് കളിയുടെ ഏറ്റവും ശുദ്ധമായ രൂപം' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.