ഓപ്പണറായി സഞ്ജു ഇറങ്ങുന്നു, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കിങ്സ് മീഡിലെ പിച്ചില്‍ നല്ല പുല്ലുണ്ടെന്നും ഉപരിതലത്തില്‍ ഈര്‍പ്പം ഉണ്ടെന്നും മാര്‍ക്രം പറഞ്ഞു. മഴയുടെ സാധ്യത കണക്കിലെടുത്താണ് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അ്‌തെസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞത്, തങ്ങള്‍ എന്തായാലും ആദ്യം ബാറ്റ് ചെയ്യാനായിരുന്നു ലക്ഷ്യമിട്ടതെന്നാണ്. പരിശീലന വിക്കറ്റുകളേക്കാള്‍ മികച്ചതാണ് മത്സര വിക്കറ്റെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മത്സരത്തിന് മുന്നോടിയായുള്ള പിച്ചിന്റെ റിപ്പോര്‍ട്ട് ഇങ്ങനെയാണ്: മൈതാനം മേഘാവൃതവും കാറ്റുള്ളതുമാണ്. ഒരു വശത്ത് 56 മീറ്റര്‍ ബൗണ്ടറിയുണ്ട്, കാറ്റ് ആ വശത്തേക്ക് അടിക്കാന്‍ സഹായിക്കും, പ്രതിരോധിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അതിനാല്‍, വൈഡ് യോര്‍ക്കറുകള്‍ നിര്‍ണായകമായേക്കാം. മഴയുണ്ടായിട്ടുണ്ടെങ്കിലും പിച്ച് കട്ടിയുള്ളതും നല്ല പുല്ല് പുതച്ചതുമാണ്. പന്ത് നന്നായി കുതിച്ചുയരുമെന്ന് ഷോണ്‍ പൊള്ളോക്ക് പ്രതീക്ഷിക്കുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, റിയാന്‍ പരാഗ് തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ടീമില്‍ ഇടം നേടിയിട്ടില്ല. രാമന്‍ദീപ് സിങ്ങിനെയും ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ ടീം: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയ്, അവേഷ് ഖാന്‍, വരുണ്‍ ചക്രവര്‍ത്തി.
ദക്ഷിണാഫ്രിക്കന്‍ ടീം: റയാന്‍ റിക്ക്ല്‍റ്റണ്‍ (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഹെന്റിച്ച് ക്ലാസെന്‍, ഡേവിഡ് മില്ലര്‍, പാട്രിക് ക്രൂഗര്‍, മാര്‍ക്കോ ജാന്‍സെന്‍, ആന്‍ഡിലെ സിമെലെയ്ന്‍, ജെറാള്‍ഡ് കോറ്റ്സി, കേശവ് മഹാരാജ്, എന്‍ഖാബയോംസി പീറ്റര്‍.