ലോ സ്‌കോര്‍ ത്രില്ലറിന് ബാല്യമുണ്ടോ, ഇന്ത്യയെ പൂട്ടി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യയ്ക്ക് രണ്ടാം ടി20യില്‍ ബാറ്റിംഗ്് മികവ് ആവര്‍ത്തിക്കാനായില്ല. രണ്ടാം ട്വന്റി 20യില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ച്ച നേരിട്ടു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് എന്ന നാമമാത്രമായ സ്‌കോറിലാണ് ഇന്ത്യ ഒതുങ്ങിയിരിക്കുന്നത്.
ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയുടെ ബൗളര്‍മാര്‍ ആദ്യം തന്നെ ഇന്ത്യന്‍ നിരയെ വിറപ്പിച്ചു. ഓപ്പണര്‍ സഞ്ജു സാംസണിനെ പൂജ്യത്തിന് പുറത്താക്കി. തുടര്‍ച്ചയായി രണ്ട് സെഞ്ച്വറി നേടിയ സാംസണിനെ മാര്‍ക്കോ ജാന്‍സണ്‍ ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു.
അഭിഷേക് ശര്‍മ്മ (4), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (4) എന്നിവരും പെട്ടെന്ന് മടങ്ങി. തിലക് വര്‍മ്മ (20), അക്‌സര്‍ പട്ടേല്‍ (27) എന്നിവര്‍ ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും വലിയ സ്‌കോര്‍ നേടാനായില്ല. ഹാര്‍ദിക് പാണ്ഡ്യ 45 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 39 റണ്‍സുമായി പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി ജെറാള്‍്ഡ് കോട്‌സി, സെയ്‌ലന്‍, മാര്‍ക്കോ ജാന്‍സണ്‍, എയ്ഡന്‍ മാര്‍ക്രം, പീറ്റര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ചെറിയ ലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക പരമ്പര സമനിലയിലാക്കാന്‍ ആത്മവിശ്വാസത്തിലാണ്. ബൗളര്‍മാരുടെ മികവിലൂടെ ഇന്ത്യയ്ക്ക് മത്സരത്തില്‍ വിജയിക്കാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.