ദക്ഷിണാഫ്രിക്കയില്‍ പോയി ദക്ഷിണാഫ്രിക്കയെ വൈറ്റ് വാഷ് ചെയ്ത പാകിസ്ഥാന്‍, ഇത് ചരിത്രം
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവരുടെ നാട്ടില്‍ ഏകദിന പരമ്പര തൂത്തുവാരി പാകിസ്ഥാന്റെ അമ്പരപ്പിക്കുന്ന പ്രകടനം. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 36 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് പാകിസ്ഥാന്‍ 3-0 ന്റെ വിജയം കൈവരിച്ചത്.
മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെടുത്തു. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്ക 42 ഓവറില്‍ 271 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇതോടെ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം 36 റണ്‍സിന് പാകിസ്ഥാന്‍ ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍ സയ്യിം അയ്യൂബ് നേടിയ സെഞ്ച്വറിയാണ് പാകിസ്താനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 94 പന്തില്‍ 13 ഫോറും രണ്ട് സിക്‌സും സഹിതം അയ്യൂബ് 101 റണ്‍സ് നേടി. പരമ്പരമ്പരയിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഈ 22കാരന്‍ സ്വന്തമാക്കിയിരിക്കുന്നത്.
ബാബര്‍ അസം (52), ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ (53), സല്‍മാന്‍ അലി ആഘ (48) എന്നിവരും പാകിസ്ഥാനായി നിര്‍ണായക സംഭാവനകള്‍ നല്‍കി. ദക്ഷിണാഫ്രിക്കന്‍ ബൗളിങ് നിരയില്‍ കഗീസോ റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഹെന്റിച്ച് ക്ലാസന്‍ 43 പന്തില്‍ 12 ഫോറും രണ്ട് സിക്‌സും സഹിതം 81 റണ്‍സെടുത്തു. എട്ടാമനായി ക്രീസിലെത്തി പുറത്താകാതെ 40 റണ്‍സെടുത്ത കോര്‍ബിന്‍ ബോഷിന്റേതാണ് ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍. മറ്റ് ബാറ്റര്‍മാരുടെ പ്രകടനം മികച്ചതായിരുന്നില്ല. പാകിസ്താനായി സൂഫിയാന്‍ മുഖീം നാല് വിക്കറ്റുകള്‍ വീഴ്ത്തി.