ഫോളോ ഓണ്‍ ഒഴിവാക്കിയിട്ടും രക്ഷയില്ല, പാകിസ്ഥാനെ തൂത്തുവാരി ദക്ഷിണാഫ്രിക്ക
പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിലും പത്തു വിക്കറ്റിന്റെ മിന്നുന്ന വിജയം നേടി ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി. കേപ്ടൗണില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ ഫോളോ ഓണ്‍ ചെയ്യിച്ച ദക്ഷിണാഫ്രിക്ക വെറും 58 റണ്‍സ് വിജയലക്ഷ്യം മാത്രമാണ് പിന്തുടര്‍ന്നത്.
7.1 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടു. ഇതോടെ പരമ്പര 2-0ത്തിനാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.
ആദ്യ ഇന്നിംഗ്സില്‍ 615 റണ്‍സ് കൂട്ടിയിരുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് 194 റണ്‍സിന് അവസാനിച്ചു. ഫോളോ ഓണിന് ശേഷം പാകിസ്ഥാന്‍ 478 റണ്‍സ് നേടിയെങ്കിലും ദക്ഷിണാഫ്രിക്കയുടെ ജയം തടയാന്‍ അത് പര്യാപ്തമായില്ല.
പാകിസ്ഥാന് വേണ്ടി രണ്ടാം ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (145) മികച്ച പ്രകടനം കാഴ്ചവച്ചു. ബാബര്‍ അസം (81), സല്‍മാന്‍ അഗ (48), മുഹമ്മദ് റിസ്വാന്‍ (41) എന്നിവരും തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ആദ്യ ഇന്നിംഗ്സില്‍ റയാന്‍ റിക്കിള്‍ട്ടണ്‍ (259), തെംബ ബവൂമ (106), കെയ്ല്‍ വെറെയ്നെ (100) എന്നിവര്‍ സെഞ്ച്വറി നേടി.
രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ദക്ഷിണാഫ്രിക്ക ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ചു. നേരത്തെ ആദ്യ മത്സരവും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു.