ടി20 ലോകകപ്പില്‍ വന്‍ അട്ടിമറി, മൈറ്റി ഓസ്‌ട്രേലിയയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ഫൈനലില്‍
വനിതാ ടി20 ലോകകപ്പില്‍ വമ്പന്‍ അട്ടിമറി. നിലവില്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് മുന്നേറി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 134 റണ്‍സ് നേടിയപ്പോള്‍, അന്നേകെ ബോഷിന്റെ (74*) മിന്നും പ്രകടനത്തിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക 17.2 ഓവറില്‍ ലക്ഷ്യം കണ്ടു.
2023ലെ ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് നേരിട്ട തോല്‍വിക്ക് മധുര പ്രതികാരമായി ദക്ഷിണാഫ്രിക്കയുടെ ഈ വിജയം. വനിതാ ടി20 ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ജയവും വനിതാ ടി20 ലോകകപ്പിലെ ആദ്യ ജയവുമാണിത്.
ഓപ്പണര്‍മാരായ ഗ്രേസ് ഹാരിസ് (3), ജോര്‍ജിയ വാറെഹാം (5) എന്നിവരെ നേരത്തെ നഷ്ടമായെങ്കിലും ബെത്ത് മൂണി, ക്യാപ്റ്റന്‍ താഹില മക്ഗ്രാത്ത്, എല്ലിസ് പെറി, ലിച്ച് ഫീല്‍ഡ് എന്നിവരുടെ പ്രകടനത്തിലൂടെ ഓസ്‌ട്രേലിയ മാന്യമായ സ്‌കോര്‍ നേടി.
മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ തസ്മിന്‍ ബ്രിറ്റ്‌സിനെ (15) നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡും (42) അന്നേകെ ബോഷും ചേര്‍ന്ന് 96 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വോള്‍വാര്‍ഡ് പുറത്തായെങ്കിലും ബോഷ് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു.
നാളെ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് - ന്യൂസിലന്‍ഡ് രണ്ടാം സെമിഫൈനല്‍ വിജയികളെയാണ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക നേരിടുക.