ദക്ഷിണാഫ്രിക്കയുടെ വിജയം; പണി കിട്ടിയത് ഇന്ത്യക്ക്.. WTC ഫൈനൽ പ്രവേശനം കടുത്ത വെല്ലുവിളി
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ വിജയത്തോടെ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്കുള്ള യാത്രയിൽ കൂടുതൽ മുന്നേറി. ഇന്ത്യയുടെ സാധ്യതകൾക്ക് തിരിച്ചടിയാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം.
ഡർബനിലെ കിംഗ്‌സ്‌മീഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ശ്രീലങ്കയെ 233 റൺസിന് പരാജയപ്പെടുത്തിക്കൊണ്ട് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിലേക്കുള്ള യാത്രയിൽ മുന്നേറി. ഈ വിജയത്തോടെ, 2025-ൽ ലോർഡ്‌സിൽ നടക്കുന്ന ഫൈനലിലേക്കുള്ള ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും യാത്ര കൂടുതൽ ദുഷ്‌കരമായി. ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ ശേഷിക്കുന്ന നാല് ടെസ്റ്റുകളിൽ ഏതെങ്കിലും ഒരു ടീം ആധിപത്യം നേടിയാൽ മാത്രമേ ജയിക്കുന്ന ടീമിന് ഇനി സാധ്യത അവശേഷിക്കുന്നുള്ളൂ.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ദക്ഷിണാഫ്രിക്കയുടെ സാധ്യതകൾ
ശ്രീലങ്കയ്‌ക്കെതിരായ തകർപ്പൻ വിജയത്തോടെ ദക്ഷിണാഫ്രിക്ക ഡബ്ല്യുടിസി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. 59.25 പോയിന്റ് ശതമാനമാണ് അവർക്കുള്ളത്. ഈ തോൽവിയോടെ ശ്രീലങ്ക മൂന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇനി പാകിസ്ഥാനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് പരമ്പര. ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിൽ വിജയിച്ചാൽ ഫൈനലിലെത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കും.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഇന്ത്യയുടെ വെല്ലുവിളികൾ
ഡബ്ല്യുടിസി ഫൈനലിലെത്തണമെങ്കിൽ ഇന്ത്യയ്ക്ക് ഇനി ഒരു തോൽവി പോലും താങ്ങാൻ കഴിയില്ല. മറ്റ് ഫലങ്ങളെ ആശ്രയിക്കാതെ ഫൈനലിലെത്തണമെങ്കിൽ ബോർഡർ-ഗാവസ്‌കർ ട്രോഫി 4-0 അല്ലെങ്കിൽ 5-0 എന്ന മാർജിനിൽ ഇന്ത്യ ജയിക്കണം. നിലവിൽ 61.11 പോയിന്റ് ശതമാനവുമായി ഇന്ത്യയാണ് പട്ടികയിൽ ഒന്നാമത്. എന്നാൽ , ദുഷ്കരമായ ഓസ്‌ട്രേലിയൻ സാഹചര്യങ്ങളിലാണ് ശേഷിക്കുന്ന മത്സരങ്ങൾ എന്നതാണ് ഇന്ത്യയെ ആശങ്കയിലാക്കുന്നത്. പെർത്ത് ടെസ്റ്റിൽ ഇന്ത്യയോട് 295 റൺസിന് പരാജയപ്പെട്ടതോടെ ഓസ്‌ട്രേലിയയുടെ പോയിന്റ് ശതമാനം 60 ൽ താഴെയായി.
4-0 ന് വിജയിക്കാൻ കഴിയുന്നില്ലെങ്കിൽ, ഡബ്ല്യുടിസി ഫൈനലിലെത്താൻ ഇന്ത്യ മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കേണ്ടിവരും.
ഓസ്‌ട്രേലിയയുടെ സാധ്യതകൾ
ന്യൂസിലൻഡിനെതിരായ പരമ്പരക്ക് മുൻപ്, 2023 ഡബ്ല്യുടിസി ഫൈനലിന്റെ ആവർത്തനമായിരിക്കും ഇത്തവണയും എന്നായിരുന്നു വിദഗ്ധരുടെ പ്രവചനം. എന്നാൽ, ഇപ്പോൾ അത് സംഭവിക്കാൻ സാധ്യതയില്ല. ഇന്ത്യ 4-0 അല്ലെങ്കിൽ 5-0 ന് വിജയിച്ചാൽ ഓസ്‌ട്രേലിയയ്ക്ക് ഫൈനലിലെത്താനുള്ള സാധ്യത കുറവാണ്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ഇന്ത്യക്കും ഫൈനൽ സാധ്യതയില്ല. ഫൈനലിലെത്തണമെങ്കിൽ പരമ്പരയിൽ ഓസീസ് ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കയുടെ വിജയത്തോടെ ഓസ്‌ട്രേലിയ ഡബ്ല്യുടിസി പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു കഴിഞ്ഞു.
ന്യൂസിലൻഡിന്റെ സാധ്യതകൾ
ഇന്ത്യയെ 3-0 ന് തോൽപ്പിച്ചിട്ടും ന്യൂസിലൻഡിന് ഫൈനലിലെത്താനുള്ള സാധ്യത നന്നേ കുറവാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡ് പരാജയപ്പെട്ടതോടെ അവരുടെ സാധ്യതകൾ ഏതാണ്ട് ഇല്ലാതായി.
ഡബ്ല്യുടിസി പോയിന്റ് പട്ടിക
1. ഇന്ത്യ (61.11)
2. ദക്ഷിണാഫ്രിക്ക (59.25)
3. ഓസ്‌ട്രേലിയ (57.69)
4. ന്യൂസിലൻഡ് (50.55)
5. ശ്രീലങ്ക (50.00)
6. ഇംഗ്ലണ്ട് (43.79)
7. പാകിസ്ഥാൻ (33.33)
8. വെസ്റ്റ് ഇൻഡീസ് (26.67)
9. ബംഗ്ലാദേശ് (25.00)