എന്റെ പിഴ, വലിയ പിഴ; ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് ആ വലിയ പിഴവെന്ന് പരിശീലകൻ
യൂറോ കപ്പിൽ ഏറെ പ്രതീക്ഷ നൽകിയ ശേഷം തിങ്ങിനിറഞ്ഞ വെംബ്ലിയെ കണ്ണീരിലാഴ്ത്തി ഇംഗ്ലണ്ട് കീഴടങ്ങിയതിന് പിന്നാലെ പരിശീലകൻ സൗത്ത്ഗേറ്റിന് നേരെ വിമർശനശരങ്ങൾ ഉയരുകയാണ്. പ്രധാനമായും ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടപ്പോൾ പെനാൽറ്റി കിക്കെടുക്കാൻ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരെ തിരഞ്ഞെടുത്തു എന്നാണ് ഉയരുന്ന വിമർശനം.
വിമർശനങ്ങൾ ശക്തമാകവേ എല്ലാ കുറ്റങ്ങളും താൻ ഏൽക്കുന്നുവെന്നും, തോൽവിയുടെ ഉത്തരവാദിത്വം പൂർണമായും തനിക്കാണ് എന്നും പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് സൗത്ത്ഗേറ്റ്.
ഞങ്ങൾ പൂർണമായും നിരാശയിലാണ്, കളിക്കാരെ ആരെയും കുറ്റപ്പെടുത്താനില്ല. സാധ്യമായതെല്ലാം രാജ്യത്തിനായി അവർ നൽകി. അഭിനന്ദനാർഹമായ മത്സരമാണ് എല്ലാവരും കാഴ്ചവച്ചത്. സ്പീഡ് ഗെയിമിനെ ആശ്രയിച്ചപ്പോൾ മധ്യനിരയിൽ പന്ത് കൈവശം വയ്ക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. അതോടെ മത്സരം ഇറ്റലിയുടെ നിയന്ത്രണത്തിലായി.
പെനാൽറ്റി എടുക്കാൻ കളിക്കാരെ തീരുമാനിച്ചപ്പോൾ യാതൊരു ആശയക്കുഴപ്പവും ഉണ്ടായില്ല. പരിശീലനത്തിൽ ഏറ്റവും നന്നായി കിക്കെടുത്തവരാണ് അവരെല്ലാം. എന്നാൽ, വലിയ ഉത്തരവാദിത്വത്തിന്റെ സമ്മർദ്ധം അതിജീവിക്കാൻ യുവതാരങ്ങൾക്കായില്ല. അതിന് അവരെ കുറ്റപ്പെടുത്താനാവില്ല. ഇക്കാര്യം മുൻകൂട്ടി കാണാനാവാത്ത താൻ തന്നെയാണ് തോൽവിയുടെ ഉത്തരവാദി. - സൗത്ത്ഗേറ്റ് പറഞ്ഞു.
യുവതാരങ്ങളായ സാക, സാഞ്ചോ, റാഷ്ഫോർഡ് എന്നിവരാണ് ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിന്റെ പെനാൽറ്റി കിക്കുകൾ നഷ്ടപ്പെടുത്തിയത്. ഇതിൽതന്നെ 19കാരനായ സാകയെ നിർണായകമായ അഞ്ചാം കിക്കെടുക്കാൻ നിശ്ചയിച്ചതാണ് സൗത്ത്ഗേറ്റിനെതിരെ ഏറ്റവും വലിയ വിമർശനമായി ഉയരുന്നത്.