ആ പോരായ്‌മ പരിഹരിക്കണം, എങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച ടീമായി സ്പെയിൻ മാറും
യൂറോ കപ്പ് ആരാധകർക്ക് ഏറ്റവുമധികം ആവേശം നൽകുന്ന ടീം ഏതാണെന്ന ചോദ്യത്തിന് സ്പെയിൻ എന്നായിരിക്കും ഉത്തരം. തുടക്കം മുതൽ അവസാനം വരെ നിരന്തരമായ ആക്രമണം അഴിച്ചു വിടുന്ന സ്പെയിനിന്റെ കളി എല്ലാവർക്കും പ്രിയങ്കരമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വിജയിച്ചെത്തിയ ടീം കഴിഞ്ഞ ദിവസം ജോർജിയ്ക്കെതിരെ വിജയിച്ച് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.
ഭൂരിഭാഗം പൊസിഷനിലും പ്രതിഭകളാൽ സമ്പന്നമാണ് സ്പെയിൻ. യൂറോ കപ്പിലെ ഏറ്റവും മികച്ച വിങ്ങർമാരാണ് അവരുടെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. മധ്യനിരയിൽ പെഡ്രി, ഫാബിയാൻ റൂയിസ്, പെഡ്രി തുടങ്ങിയ താരങ്ങളുളള സ്പെയിനിന് ഒരേയൊരു പോരായ്‌മ മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവമാണ്.
നിലവിലെ പ്രധാന സ്‌ട്രൈക്കർ അൽവാരോ മൊറാട്ടയാണ്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം ക്ലബിൽ നടത്തിയെങ്കിലും ഏതു ടീമിനെയും ഭയപ്പെടുത്തുന്ന ഒരു സാന്നിധ്യമല്ല മൊറാട്ട. ടോറസ്, വിയ്യ എന്നിവർക്ക് ശേഷം മികച്ചൊരു സ്‌ട്രൈക്കർ സ്പെയിൻ ടീമിൽ നിന്നും ഉണ്ടായി വന്നിട്ടില്ല. യൂറോയിൽ ഇത്രയും മത്സരങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ പ്രധാന പോരായ്‌മയായി കാണുന്നതും അതാണ്.
വരുന്ന വർഷങ്ങളിൽ ഒരു മികച്ച സ്‌ട്രൈക്കറെ സൃഷ്‌ടിക്കുകയും പ്രതിരോധനിര ഒന്നുകൂടി ശക്തമാക്കുകയും ചെയ്‌താൽ ലോകത്തിലെ ഏറ്റവും മികച്ച ടീമായി സ്പെയിൻ മാറും. നിക്കോ, യമാൽ തുടങ്ങിയ യുവതാരങ്ങൾ വളർന്നു വന്നാൽ ഒരു പ്രതിരോധത്തിനും തടുക്കാൻ കഴിയാത്ത മുന്നേറ്റനിരയായി സ്പെയിൻ മാറും. അടുത്ത ലോകകപ്പിൽ സ്പെയിനിന്റെ കുതിപ്പിനും ഇത് വഴിയൊരുക്കും.