'ഇവനില്‍ നിന്നൊക്കെ 100+ റണ്‍സ് പ്രതീക്ഷിക്കാമോ', നിതീഷ് തേച്ചൊട്ടിച്ചത് മഞ്ജരേക്കറുടെ അണ്ണാക്ക്
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ മികച്ച സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ ഹീറോ ആയി മാറിയിരിക്കുകയാണല്ലോ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി. മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 105 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന റെഡ്ഡി, എട്ടാം വിക്കറ്റില്‍ വാഷിംഗ്ടണ്‍ സുന്ദറുമായി (50) ചേര്‍ന്ന് 127 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. ഓസ്ട്രേലിയയുടെ 474 റണ്‍സിന് മറുപടിയായി ഇന്ത്യ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സെടുത്തു.
റെഡ്ഡിയുടെ ഈ പ്രകടനം ശ്രദ്ധേയമാകുന്നത് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറുടെ വിമര്‍ശനങ്ങള്‍ക്കുശേഷമാണ്. ടെസ്റ്റില്‍ റെഡ്ഡിയെ ഓള്‍റൗണ്ടറായി കണക്കാക്കുന്നത് വളരെ നേരത്തേയാണെന്നാണ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടത്.
'എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ഒരാളില്‍ നിന്ന് 120 റണ്‍സ് നമുക്ക് പ്രതീക്ഷിക്കാനാകുമോ? ശാര്‍ദുല്‍ താക്കൂറിനെപ്പോലെ ഏഴ് വിക്കറ്റ് വീഴ്ത്താന്‍ കഴിയുന്ന ഒരു ബൗളറല്ല അദ്ദേഹം. ഫോമില്ലാത്ത ഒരാളെ ഒഴിവാക്കി, റെഡ്ഡിയെ ബാറ്റിംഗ് ഓര്‍ഡറില്‍ ഉയര്‍ത്തി, ഒരു ബാറ്ററായി കളിപ്പിക്കാനാകുമോ?' മഞ്ജരേക്കര്‍ മത്സരത്തിന് മുമ്പ് ചോദിച്ചിരുന്നു.
എന്നാല്‍, റെഡ്ഡി തന്റെ കഴിവ് തെളിച്ചതോടെ മഞ്ജരേക്കര്‍ പരിഹാസ പാത്രമായി മാറിയിരിക്കുകയാണ്. റെഡ്ഡിയുടെ സ്‌പോണ്‍സര്‍മാരാണ് പൂമ. 'ഷ്' എന്ന ഭാവത്തില്‍ റെഡ്ഡിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് പൂമ മഞ്ജരേക്കറുടെ പഴയ ട്വീറ്റിന് മറുപടി നല്‍കി.
റിഷഭ് പന്തിന്റെയും (28) രവീന്ദ്ര ജഡേജയുടെയും (17) വിക്കറ്റുകള്‍ നഷ്ടമായതിനുശേഷം, 10 ഫോറുകളും ഒരു സിക്‌സറും ഉള്‍പ്പെട്ട റെഡ്ഡിയുടെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് രക്ഷിച്ചത്. ഞായറാഴ്ചയും റെഡ്ഡിയില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ അര്‍പ്പിച്ചിരിക്കുകയാണ്. മുഹമ്മദ് സിറാജിനൊപ്പം ചേര്‍ന്ന് ഓസ്ട്രേലിയയുടെ ലീഡ് കുറയ്ക്കാനും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മത്സരത്തില്‍ മുന്‍തൂക്കം നല്‍കാനും റെഡ്ഡിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.