വാതുവെപ്പുകാരന്‍ മിണ്ടണ്ട, ശ്രീശാന്തിനെതിരെ പൊട്ടിത്തെറിച്ച് കെസിഎ
സഞ്ജു സാംസണ്‍ വിഷയത്തില്‍ പ്രതികരിച്ച മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിനെതിരെ നടപടിയുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (KCA) രംഗത്തെത്തിയതോടെ വിവാദം മറ്റൊരു തലത്തിലേക്ക് മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തനിയ്‌ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച കെസിഎയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമായി ശ്രീശാന്ത് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ശ്രീശാന്തിന്റെ ആരോപണത്തിന് അതേനാണയത്തില്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കെസിഎ. സഞ്ജുവിനെ പിന്തുണച്ചതിനല്ല, മറിച്ച് KCA യെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയതിനാണ് നോട്ടീസ് അയച്ചതെന്നാണ് അസോസിയേഷന്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്.
കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമ കൂടിയായ ശ്രീശാന്ത്, അസോസിയേഷനെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത് കരാര്‍ ലംഘനമാണെന്നും KCA പ്രസ്താവനയില്‍ വ്യക്തമാക്കി. തങ്ങളുടെ താരങ്ങളെ എപ്പോഴും സംരക്ഷിക്കുന്ന നിലപാടാണ് KCA സ്വീകരിച്ചിട്ടുള്ളതെന്നും, വാതുവെപ്പ് കേസില്‍ ജയിലില്‍ കഴിഞ്ഞ ശ്രീശാന്തിനെ പോലും KCA ഭാരവാഹികള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കേസില്‍ ശ്രീശാന്തിനെതിരായ ആരോപണം ശരിയാണെന്ന് കണ്ടെത്തിയതോടെയാണ് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. കോടതി കേസ് റദ്ദ് ചെയ്‌തെങ്കിലും, വാതുവെപ്പ് ആരോപണത്തില്‍ ശ്രീശാന്ത് കുറ്റവിമുക്തനായിട്ടില്ല.
സഞ്ജുവിനെ പിന്തുണച്ച് ശ്രീശാന്ത് രംഗത്തെത്തിയത് KCA യെ ചൊടിപ്പിച്ചു. സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് തഴഞ്ഞതിന് പിന്നാലെയാണ് ഈ വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്. സഞ്ജുവിനെ പിന്തുണച്ചതിനാണ് നോട്ടീസ് അയച്ചതെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് KCA വിശദീകരണവുമായി രംഗത്തെത്തിയത്.