Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

പിന്നില്‍ നിന്ന് കുത്തിയത് ഷമിയും റെഡ്ഡിയും, സണ്‍റൈസസിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ പൊലിഞ്ഞ കാരണം പറഞ്ഞ് കോച്ച്

10:45 AM May 26, 2025 IST | Fahad Abdul Khader
Updated At : 10:45 AM May 26, 2025 IST
Advertisement

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ടീമിന്റെ പ്രമുഖ താരങ്ങളായ മുഹമ്മദ് ഷമിയുടെ മോശം പ്രകടനവും നിതീഷ് കുമാര്‍ റെഡ്ഡിയുടെ പരിക്കുമെല്ലാം ടീമിന്റെ മുന്നേറ്റത്തെ കാര്യമായി ബാധിച്ചു. ഇതോടെ വമ്പന്‍ താരനിരയുണടായിട്ടും പ്ലേ ഓഫില്‍ പോലും എത്താതെ സണ്‍റൈസസ് പുറത്താകുകയും ചെയ്തു. സണ്‍റൈസസ് പേസര്‍മാര്‍ക്ക് സംഭവിച്ചതെന്ന് വിലയിരുത്തുകയാണ് ഹെഡ് കോച്ച് ഡാനിയല്‍ വെട്ടോറി.

Advertisement

മുഹമ്മദ് ഷമിയുടെ ഫോം ഔട്ട്: കാരണങ്ങള്‍

ഇന്ത്യയുടെ സ്റ്റാര്‍ പേസ് ബൗളറായ മുഹമ്മദ് ഷമിക്ക് ഈ ഐ.പി.എല്‍. സീസണില്‍ തന്റെ പതിവ് താളം കണ്ടെത്താന്‍ സാധിച്ചില്ല. 10 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഷമി ഒമ്പത് മത്സരങ്ങളില്‍ നിന്ന് വെറും ആറ് വിക്കറ്റുകള്‍ മാത്രമാണ് നേടിയത്. റണ്‍സ് വഴങ്ങിയതാകട്ടെ, ഓവറില്‍ 11.23 എന്ന ഉയര്‍ന്ന നിരക്കിലും. ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയോടെ ഷമിയെ ടീം മാനേജ്മെന്റ് പുറത്തിരുത്തുകയും ചെയ്തു. ഷമിയുടെ ഈ മോശം പ്രകടനത്തെ ഡാനിയല്‍ വെട്ടോറി ന്യായീകരിച്ചു.

Advertisement

'അദ്ദേഹം ടി20 ക്രിക്കറ്റ് (ഐ.പി.എല്‍. മത്സരങ്ങള്‍) കളിച്ചിട്ട് ഒരുപാട് കാലമായിരുന്നു,' ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ 110 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വെട്ടോറി മാധ്യമങ്ങളോട് പറഞ്ഞു. 'അതുകൊണ്ട് തന്നെ അതിലേക്ക് മടങ്ങിവരാന്‍ കുറച്ച് സമയമെടുക്കും.'

2023-ല്‍ ഗുജറാത്ത് ടൈറ്റന്‍സിനായി കളിച്ച ഷമി 28 വിക്കറ്റുകള്‍ നേടി പര്‍പ്പിള്‍ ക്യാപ്പ് ജേതാവായിരുന്നു. എന്നാല്‍ അതിനുശേഷം അദ്ദേഹം ഐ.പി.എല്‍. കളിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗാളിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച ഷമി ഒമ്പത് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

'കഴിഞ്ഞ 18 മാസങ്ങള്‍ക്കുള്ളില്‍ ഗെയിം അതിവേഗം മുന്നോട്ട് പോയിട്ടുണ്ട്, അതുകൊണ്ട് തന്നെ പഴയ താളം കണ്ടെത്താന്‍ ഷമിക്ക് പ്രയാസമായി,' വെട്ടോറി കൂട്ടിച്ചേര്‍ത്തു. 'അവന്റെ സ്ഥിരതയാണ് പ്രധാന വെല്ലുവിളി. ശരിയായ ലെങ്തില്‍ പന്തെറിയുമ്പോള്‍ അവന്‍ ഏറ്റവും മികച്ചതാണ്. എന്നാല്‍ ഈ സീസണില്‍ ആ സ്ഥിരത അവനുണ്ടായില്ല. ഇത് നീണ്ട ഇടവേളയുടെയും ഗെയിമിന്റെയും ഭാഗമാണ്.'

'അവന്‍ തിരിച്ചുവരവിനായി കഠിനാധ്വാനം ചെയ്തുവെന്നും മികച്ച പ്രകടനം നടത്താന്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും എനിക്കറിയാം. എന്നാല്‍ ഇത് അവന്റെ സീസണായിരുന്നില്ല. എങ്കിലും അവന്‍ എത്ര മികച്ച ബൗളറാണെന്ന് അറിയാവുന്നതുകൊണ്ട് തന്നെ അവന് തിരിച്ചുവരാന്‍ സാധിക്കും' വെട്ടോറി പ്രത്യാശ പ്രകടിപ്പിച്ചു.

നിതീഷ് കുമാര്‍ റെഡ്ഡിയുടെ പരിക്കും പ്രകടനവും

നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഈ സീസണില്‍ വേണ്ടത്ര ഓവറുകള്‍ ലഭിക്കാത്തതിനെക്കുറിച്ച് മുന്‍ എസ്.ആര്‍.എച്ച്. ബൗളിംഗ് കോച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍ നേരത്തെ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. 'റെഡ്ഡിക്ക് ബൗള്‍ ചെയ്യാന്‍ കഴിയുമെന്ന കാര്യം എസ്.ആര്‍.എച്ച്. മറന്നുപോയോ…? അവനൊരു 'ഗോള്‍ഡന്‍ ആം' ആണ്, ഒന്നോ രണ്ടോ ഓവര്‍ എറിയാന്‍ അവനര്‍ഹനാണ്,' ഏപ്രില്‍ 17-ന് സ്റ്റെയ്ന്‍ എക്‌സില്‍ കുറിച്ചു. 'അവന് പരിക്കുണ്ടെങ്കില്‍ അത് മനസ്സിലാക്കാം, പക്ഷേ അവന്‍ നന്നായി ബാറ്റ് ചെയ്യുന്നതായി തോന്നുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സീസണില്‍ ഐ.പി.എല്ലിലെ കണ്ടെത്തലുകളിലൊന്നായിരുന്നു 22 വയസ്സുകാരനായ നിതീഷ് കുമാര്‍ റെഡ്ഡി. മധ്യനിരയില്‍ ബാറ്റ് ചെയ്ത അദ്ദേഹം 142.92 സ്‌ട്രൈക്ക് റേറ്റില്‍ 303 റണ്‍സ് നേടുകയും ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സീസണില്‍ 11 ഇന്നിംഗ്സുകളില്‍ നിന്ന് 182 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. വെറും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് അദ്ദേഹം പന്തെറിഞ്ഞത്, അതും എസ്.ആര്‍.എച്ച്. പ്ലേഓഫ് റേസില്‍ നിന്ന് പുറത്തായതിന് ശേഷം.

'അവന് സൈഡ്-സ്‌ട്രെയിന്‍ പരിക്കാണ. അത് അവന് ടൂര്‍ണമെന്റില്‍ ഉടനീളം ഉണ്ടായിരുന്നു, അതിനാലാണ് അതിനുമുമ്പ് അവന്‍ ധാരാളം ക്രിക്കറ്റ് മത്സരങ്ങള്‍ നഷ്ടപ്പെടുത്തിയത്' വെട്ടോറി വിശദീകരിച്ചു. 'അതിനുശേഷം പതുക്കെ പതുക്കെയാണ് അവന്റെ ഫിറ്റ്‌നസ് മെച്ചപ്പെട്ടത്. ടൂര്‍ണമെന്റ് ബ്രേക്കിന് തൊട്ടുമുമ്പ് അവന്‍ പൂര്‍ണ്ണമായും തയ്യാറായിരുന്നു, അതിനാല്‍ അവസാന അഞ്ചോ ആറോ മത്സരങ്ങളില്‍ അവന്‍ ബൗള്‍ ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, അത് സംഭവിച്ചു.'

ആറ് വിജയങ്ങളും ഏഴ് തോല്‍വികളുമായി കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പ് ആയ എസ്.ആര്‍.എച്ച്. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. ഈ സീസണിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അടുത്ത വര്‍ഷം കൂടുതല്‍ മികച്ച പ്രകടനവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തിരിച്ചുവരുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

Advertisement
Next Article