അരങ്ങേറ്റത്തില്‍ അമ്പരപ്പിച്ച വെല്ലാംഗ, വിന്‍ഡീസ് കുരുതി നടത്തി ലങ്കന്‍ പടയോട്ടം
ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ തകര്‍ത്ത് ശ്രീലങ്കയുടെ തിരിച്ചുവരവ്. 73 റണ്‍സിനാണ് വെസ്റ്റിന്‍ഡീസ് ശ്രീലങ്കയെ തകര്‍ത്തത്. ശ്രീലങ്ക ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ വെസ്റ്റിന്‍ഡീസ് 89 റണ്‍സിന് പുറത്താകുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വെസ്റ്റിന്‍ഡീസും ശ്രീലങ്കയും 1-1ന് ഒപ്പത്തിനൊപ്പമെത്തി.
നാല് ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ധുനിത് വെല്ലാലംഗെയാണ് വിന്‍ഡീസിനെ തകര്‍ത്തത്. വെല്ലാലംഗയുടെ ആദ്യ ടി20 മത്സരമായിരുന്നു ഇത്. മഹേഷ് തീക്ഷണ 3.4 ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങിയും ചരിത് അസലങ്ക രണ്ടോവറില്‍ ആറ് റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റ് വീഴ്ത്തി. ഹസരങ്കയും രണ്ട് വിക്കറ്റ് സ്വന്തമാക്കിയെങ്കിലും മൂന്ന് ഓവറില്‍ 32 റണ്‍സ് വിട്ടുകൊടുത്തു.
വിന്‍ഡീസിനായി 20 റണ്‍സെടുത്ത റോവ് മാന്‍ പവല്‍ മാത്രമാണ് പൊരുതിയത്. അല്‍സാരി ജോസഫ് 16ഉം റൂഥര്‍ഫോര്‍ഡ് 14ലും റണ്‍സെടുത്തു. മറ്റാര്‍ക്കും വിന്‍ഡീസിനായി രണ്ടക്കം കടക്കാനായില്ല.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി പതും നിസങ്ക അര്‍ധ സെഞ്ച്വറി നേടി. 49 പന്തില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 54 റണ്‍സെടുത്തു. കുഷാല്‍ മെന്‍ഡിസ് 26ഉം കുശാല്‍ പെരേര 24 റണ്‍സും കമിന്ദു മെന്‍ഡിസ് 19 റണ്‍സും നേടി.
വിന്‍ഡീസിനായി റെമേരിയോ ഷെപ്പേഴ്ഡ് രണ്ട് വിക്കറ്റും അല്‍സാരി ജോസഫ്, ഷമ്രാന്‍ ജോസഫ്, ഷമര്‍ സ്പ്രിന്‍ഗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.