മൂന്ന് വര്‍ഷത്തിന് ശേഷം അയാള്‍ രാജാവിനെ പോലെ തിരിച്ചുവന്നു, തകര്‍പ്പന്‍ ജയവുമായി വിന്‍ഡീസ്
ശ്രീലങ്കന്‍ പര്യടനത്തിലെ അവസാന ഏകദിന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഒടുവില്‍ ആശ്വാസ വിജയം നേടി. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 23 ഓവറില്‍ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് ഒരു ഓവര്‍ ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം ആണ് സ്വന്തമാക്കിയത്. 2021 ന് ശേഷം ആദ്യമായി ഏകദിനം കളിക്കുന്ന ഇവിന്‍ ലൂയിസ് ആണ് വിന്‍ഡീസിന്റെ വിജയശില്‍പി. വെറും 61 പന്തില്‍ 102 റണ്‍സുമായി ലൂയിസ് പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് മഴ കാരണം ഇന്നിംഗ്‌സ് പകുതിയായി ചുരുക്കേണ്ടി വന്നു. ആദ്യ 17.2 ഓവറുകള്‍ക്ക് ശേഷം മഴ മൂലം കളി നിര്‍ത്തിവച്ചു, പുനരാരംഭിച്ചപ്പോള്‍ അവര്‍ക്ക് 5.4 ഓവറുകള്‍ മാത്രമാണ് ബാറ്റ് ചെയ്യാന്‍ ലഭിച്ചത്. എന്നാല്‍ കുശാല്‍ മെന്‍ഡിസ് 22 പന്തില്‍ 56 റണ്‍സ് നേടി (19 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി) ശ്രീലങ്കയെ മാന്യമായ സ്‌കോറിലെത്തിച്ചു. അവസാന 5.4 ഓവറില്‍ 75 റണ്‍സാണ് ശ്രീലങ്ക നേടിയത്. ഇതോടെ 23 ഓവറില്‍ 156 റണ്‍സാണ് ലങ്ക നേടിയത്. ഇതാണ് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 23 ഓവറില്‍ 195 റണ്‍സ് വിജയലക്ഷ്യം ആയി മാറിയത്.
എന്നാല്‍ നനഞ്ഞ ഔട്ട്ഫീല്‍ഡും ബോളും ലൂയിസിന്റെ മികച്ച പ്രകടനവും വിന്‍ഡീസിന് വിജയമൊരുക്കി. ബ്രാന്‍ഡന്‍ കിംഗ് (19 പന്തില്‍ 18), ഷായ് ഹോപ്പ് (27 പന്തില്‍ 22) എന്നിവര്‍ക്കൊപ്പം ലൂയിസ് ഇന്നിംഗ്‌സ് കെട്ടിപ്പടുത്തു. പിന്നീട് ഷെര്‍ഫെയ്ന്‍ റഥര്‍ഫോര്‍ഡ് (26 പന്തില്‍ 50) ലൂയിസിനൊപ്പം ചേര്‍ന്ന് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു.
ശ്രീലങ്കയ്ക്ക് ഈ മത്സരത്തില്‍ നിന്ന് ചില പോസിറ്റീവുകള്‍ കണ്ടെത്താനാകും, പ്രത്യേകിച്ച് മഴയ്ക്ക് ശേഷമുള്ള ഓവറുകളില്‍ അവര്‍ കാണിച്ച ആക്രമണോത്സുകത. ഓപ്പണര്‍മാരായ പത്തും നിസ്സങ്കയും അവിഷ്‌ക ഫെര്‍ണാണ്ടോയും ചേര്‍ന്ന് 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിന്‍ഡീസ് മൂന്ന് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയത് ശ്രീലങ്കയ്ക്ക് ഗുണം ചെയ്തു.
റോസ്റ്റണ്‍ ചേസിന്റെ രണ്ടാം ഓവറിലെ അവസാന നാല് പന്തുകളില്‍ കുശാല്‍ മെന്‍ഡിസ് ബൗണ്ടറികള്‍ നേടിയത് ശ്രീലങ്കയ്ക്ക് കരുത്ത് പകര്‍ന്നു. അവസാന 34 പന്തുകളില്‍ ശ്രീലങ്ക 12 ബൗണ്ടറികള്‍ നേടി. പെട്ടെന്ന് കളി ചുരുക്കിയത് വിന്‍ഡീസിന്റെ ബൗളിംഗ് പ്ലാനുകളെയും ബാധിച്ചു. മൂന്ന് ബൗളര്‍മാര്‍ക്ക് അഞ്ച് ഓവര്‍ വീതവും രണ്ട് പേര്‍ക്ക് നാല് ഓവര്‍ വീതവും ആണ് ലഭിച്ചത്.
മഴയ്ക്ക് ശേഷം ചേസിന്റെ ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍, ഗുഡകേഷ് മോട്ടി, ജെയ്ഡന്‍ സീല്‍സ്, അല്‍സാരി ജോസഫ് എന്നിവര്‍ ബാക്കിയുള്ള ഓവറുകള്‍ എങ്ങനെ പങ്കിടുമെന്ന് വിന്‍ഡീസിന് പുനരാലോചിക്കേണ്ടി വന്നു. മാത്യു ഫോര്‍ഡ് ഇതിനകം അഞ്ച് ഓവറുകള്‍ എറിഞ്ഞിരുന്നതിനാല്‍, രണ്ട് ബൗളര്‍മാര്‍ക്ക് മാത്രമേ അഞ്ച് ഓവറുകള്‍ എറിയാന്‍ കഴിയുമായിരുന്നുള്ളൂ. അതിനാല്‍ അവര്‍ക്ക് എവിടെ നിന്നെങ്കിലും ഒരു ഓവര്‍ കൂടി കണ്ടെത്തേണ്ടിയും വന്നു.
ചേസിനെ പിന്‍വലിച്ചതിനാല്‍ റഥര്‍ഫോര്‍ഡാണ് ഒരു ഓവര്‍ എറിയേണ്ടി വന്നത്. ആ ഓവറില്‍ റഥര്‍ഫോര്‍ഡ് 17 റണ്‍സ് വഴങ്ങി. കുശാലിന്റെ മികച്ച ഇന്നിംഗ്‌സിന്റെ പിന്‍ബലത്തില്‍ ശ്രീലങ്ക മാന്യമായ സ്‌കോറിലെത്തി, പക്ഷേ അത് വിജയത്തിന് പര്യാപ്തമായില്ല.