സഞ്ജു നിന്നെ ഞാന്‍ വിശ്വസിച്ചിരിക്കുന്നു, വല്ലാത്ത ചേര്‍ത്ത് പിടിക്കലുമായി വീണ്ടും സൂര്യ
ഇന്ത്യന്‍ ടി20 ടീമില്‍ നിന്ന് പുറത്താകുമെന്ന ഘട്ടത്തില്‍ നിന്നാണ് സഞ്ജു സാംസണ്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ബംഗ്ലാദേശുമായുള്ള മൂന്നാം ടി20യില്‍ ഓപ്പണറായി ഇറങ്ങി 47 പന്തില്‍ 111 റണ്‍സ് നേടിയ സഞ്ജുവിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. 11 ഫോറുകളും എട്ട് സിക്‌സറുകളും അടങ്ങിയ സഞ്ജുവിന്റെ ഇന്നിംഗ്‌സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.
നായകന്‍ സൂര്യകുമാര്‍ യാദവിന്റെ പിന്തുണയാണ് ഇത്തരമൊരു പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിനെ സഹായിച്ചതെന്ന് വ്യക്തം. സഞ്ജുവിനെ എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുള്ള നായകനാണ് സൂര്യ. മൂന്നാം ടി20യിലെ സെഞ്ച്വറിയെക്കുറിച്ചുള്ള സഞ്ജുവിന്റെ പോസ്റ്റിനും സൂര്യ മറുപടി നല്‍കി.
'ഞാന്‍ വിശ്വസിച്ചു (I BELIEVED -)' എന്നായിരുന്നു സെഞ്ച്വറി നേട്ടത്തിന് ശേഷം ഹെല്‍മറ്റൂരി ആകാശത്തേക്ക് നോക്കുന്ന ചിത്രത്തോടൊപ്പം ഇന്‍സ്റ്റഗ്രാമില്‍ സഞ്ജു കുറിച്ചത്.
ഈ പോസ്റ്റിന് താഴെയാണ് 'ഞാനും നിങ്ങളുടെ കഴിവില്‍ വിശ്വസിച്ചു' എന്നര്‍ത്ഥം വരുന്ന 'Same' എന്ന മറുപടിയുമായി സൂര്യ എത്തിയത്. നായകന്റെ ഈ പിന്തുണ സഞ്ജുവിന്റെ ആരാധകരെയും ഏറെ ആവേശത്തിലാഴ്ത്തി.
ഐപിഎല്ലില്‍ സഞ്ജുവിന്റെ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സും പോസ്റ്റിന് താഴെ പ്രതികരിച്ചു. 'ഞങ്ങളും വിശ്വസിച്ചിരുന്നു' എന്നായിരുന്നു റോയല്‍സിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നുള്ള പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ നേരത്തെയും പല തവണ സഞ്ജുവിനെ പരസ്യമായി പിന്തുണച്ചിട്ടുള്ള താരമാണ് സൂര്യ.
മൂന്നാം ടി20യില്‍ സഞ്ജുവും സൂര്യയും ചേര്‍ന്നുണ്ടാക്കിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. 173 റണ്‍സ് ഈ ജോടി ടീം സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ത്തു.