ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാനിലെ സ്റ്റേഡിയങ്ങള്‍ ദയനീയവസ്ഥയില്‍, കളി ദുബായിലേക്ക് മാറ്റിയേക്കും
ലോകം കാത്തിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് 40 ദിനം മാത്രമാണ് അവശേഷിക്കുന്നത്. ഫെബ്രുവരി 19 ന് കറാച്ചിയില്‍ ആണ്് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്. ഹൈബ്രിഡ് ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്ത്യ തങ്ങളുടെ എല്ലാ മത്സരങ്ങളും ദുബായില്‍ കളിക്കും. മറ്റെല്ലാം പാകിസ്ഥാനിലാണ് നടക്കുക.
എന്നാല്‍, പാകിസ്ഥാനിലെ മൂന്ന് സ്റ്റേഡിയങ്ങളുടെയും അവസ്ഥ നിരാശാജനകമാണെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി സ്്‌റ്റേഡിയങ്ങളിലാണ് മത്സരം നടക്കുന്നത്.
പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, മൂന്ന് സ്റ്റേഡിയങ്ങളും ടൂര്‍ണമെന്റിന് തയ്യാറായിട്ടില്ല. ഇരിപ്പിടങ്ങള്‍, ഫ്‌ലഡ്ലൈറ്റുകള്‍, സൗകര്യങ്ങള്‍, ഔട്ട്ഫീല്‍ഡ്, പിച്ചുകള്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. ഗദ്ദാഫി സ്റ്റേഡിയത്തില്‍ പ്ലാസ്റ്ററിംഗ് പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
സാധാരണയായി ഏതൊരു അന്താരാഷ്ട്ര ടൂര്‍ണമെന്റിന്റെയും വേദികള്‍ ഐസിസിക്ക് മുന്‍കൂട്ടി കൈമാറുകയാണ് പതിവ്. എന്നാല്‍, പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഇതുവരെ വേദികള്‍ ഐസിസിക്ക് കൈമാറിയിട്ടില്ല. പിസിബി നിശ്ചിത സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ടൂര്‍ണമെന്റ് പൂര്‍ണ്ണമായും ദുബായിലേക്ക് മാറ്റേണ്ടി വന്നേക്കാം.
അതേസമയം, ഐഎഎന്‍എസ് റിപ്പോര്‍ട്ട് അനുസരിച്ച്, പുരുഷ ഏകദിന ത്രിരാഷ്ട്ര പരമ്പര ലാഹോറിലേക്കും കറാച്ചിയിലേക്കും മാറ്റാന്‍ പിസിബി തീരുമാനിച്ചിട്ടുണ്ട്. ഗദ്ദാഫി സ്റ്റേഡിയത്തിലും നാഷണല്‍ ബാങ്ക് സ്റ്റേഡിയത്തിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും പിസിബി അറിയിച്ചു.
മുള്‍ട്ടാനില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍ എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്.
സ്റ്റേഡിയങ്ങളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പിസിബി ഉറപ്പ് നല്‍കിയിട്ടുണ്ട്.