കമന്ററിയിൽ പറഞ്ഞത് സത്യമല്ല; 'സച്ചിന്റെ അന്തകനായ' ഈ ബൗളറാണ് സ്റ്റാർക്കിന് മുമ്പ് മൂന്ന് ഫസ്റ്റ്-ബോൾ വിക്കറ്റുകൾ നേടിയത്
അഡ്‌ലെയ്ഡിൽ നടന്ന പിങ്ക്-ബോൾ ടെസ്റ്റിൽ മിച്ചൽ സ്റ്റാർക്ക് യശസ്വി ജയ്‌സ്വാളിനെ ആദ്യ പന്തിൽ പുറത്താക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു എലൈറ്റ് ക്ലബ്ബിൽ ഇടം നേടി. ഇത് മൂന്നാം തവണയാണ് സ്റ്റാർക്ക് ടെസ്റ്റ് മത്സരത്തിന്റെ ആദ്യ പന്തിൽ ഒരു ബാറ്ററെ പുറത്താക്കുന്നത്. ഈ നേട്ടം മൂന്ന് തവണ കൈവരിക്കുന്ന ആദ്യ ബൗളർ സ്റ്റാർക്ക് ആണ് എന്ന് ഓസ്ട്രേലിയൻ കമന്റേറ്റർമാർ മത്സരത്തിനിടെ പറയുന്നുണ്ടായിരുന്നു. എന്നാൽ, ഇത് പൂർണമായും തെറ്റാണെന്നാണ് ക്രിക്കറ്റ് ചരിത്രം പറയുന്നത്. ഈ നേട്ടം നേരത്തെ വെസ്റ്റ് ഇൻഡീസിന്റെ പെഡ്രോ കോളിൻസ് കൈവരിച്ചിട്ടുണ്ട്.
കോളിൻസിന് ഹ്രസ്വമായ ടെസ്റ്റ് കരിയർ മാത്രമേ ഉണ്ടായിരുന്നുള്ളൂ - 32 മത്സരങ്ങൾ, 106 വിക്കറ്റുകൾ. എന്നാൽ, വെസ്റ്റ് ഇൻഡീസിന്റെ മാരകമായ പേസ് അറ്റാക്കിന്റെ പൈതൃകം പേറിയ ഇടംകൈയ്യൻ പേസർ തന്റെ സുവർണകാലത്ത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പോലും വിറപ്പിച്ച താരമാണ്.
ആദ്യ പന്തുകളിൽ മൂന്ന് തവണ വിക്കറ്റുകൾ
ടെസ്റ്റ് മത്സരത്തിന്റെ ആദ്യ പന്തിൽ മൂന്ന് തവണ വിക്കറ്റ് നേടിയ ആദ്യ ബൗളർ എന്ന അപൂർവ നേട്ടം കോളിൻസിന് അവകാശപ്പെട്ടതാണ്. 2002 നും 2004 നും ഇടയിൽ മൂന്ന് മത്സരങ്ങളിൽ ഒരേ ബാറ്ററെ പുറത്താക്കിയും കോളിൻസ് തന്റെ മികവ് തെളിയിച്ചു. 2002 അവസാനം ധാക്കയിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ബാറ്റർ ഹന്നാൻ സർക്കാരിനെ ആദ്യമായി എൽബിഡബ്ല്യു ആക്കിയ കോളിൻസ്, 2004 ൽ ഗ്രോസ് ഐലറ്റിലും, കിംഗ്സ്റ്റണിലും നടന്ന തുടർച്ചയായ മത്സരങ്ങളിലും അദ്ദേഹത്തെ പുറത്താക്കി. സാങ്കേതികമായി മികച്ച ബാറ്ററായ സർക്കാർ, ടീമിൽ നിന്ന് പുറത്താകുന്നതിന് മുമ്പ് ബംഗ്ലാദേശിനായി ഒരു മത്സരം കൂടി മാത്രമേ കളിച്ചിരുന്നുള്ളൂ.
സാക്ഷാൽ സച്ചിനെ വിറപ്പിച്ച താരം
2002 ൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിൽ പര്യടനം നടത്തിയപ്പോൾ സച്ചിൻ ടെണ്ടുൽക്കറെ വിറപ്പിച്ച കോളിൻസ് ലോകമെമ്പാടും പ്രശസ്തി നേടി. തുടർച്ചയായ രണ്ട് ടെസ്റ്റുകളിൽ മൂന്ന് തവണ അദ്ദേഹം ടെണ്ടുൽക്കറെ പുറത്താക്കി. ഗ്ലെൻ മക്‌ഗ്രാത്ത്, കോർട്ട്നി വാൽഷ്, മഖായ എൻടിനി എന്നിവർക്ക് ശേഷം ടെണ്ടുൽക്കറെ പൂജ്യത്തിന് പുറത്താക്കിയ ഒരേയൊരു ബൗളർ അന്ന് കോളിൻസ് ആയിരുന്നു.
"ആ മൂന്ന് പന്തുകളും ഞാൻ ഇന്നലെ പോലെ ഓർക്കുന്നു, ആ വിക്കറ്റുകൾ ഞാൻ ഒരിക്കലും മറക്കില്ല. മറ്റാരെയും പുറത്താക്കിയതിനെക്കുറിച്ച് ആരും ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നില്ല, അവർ സച്ചിനെ പുറത്താക്കിയതിനെക്കുറിച്ച് മാത്രം സംസാരിക്കുന്നു. ഇപ്പോഴും, ആളുകൾ എന്നെ കാണുമ്പോൾ പറയുന്നത്, ഈ മനുഷ്യൻ സച്ചിനെ നശിപ്പിച്ചുവെന്നാണ്." കോളിൻസ് പിന്നീട് ഫസ്റ്റ്‌പോസ്റ്റിന് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.